1000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടെന്ന സന്യാസിയുടെ സ്വപ്നം അനുസരിച്ച് പുരാവസ്തുവകുപ്പ് ഖനനം തുടങ്ങി

golden dream
ലക്നൌ. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ തകര്‍ന്ന കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുഴിച്ചിട്ടിരിക്കുന്ന സ്വര്‍ണം എടുത്തു സര്‍ക്കാരിനു കൈമാറാന്‍ ഉന്നാവോ ഭരിച്ചിരുന്ന രാജാ റാവു റാം ബക്സ് സിങ് തന്റെ സ്വപ്നത്തില്‍ വന്ന് അറിയിച്ചതായി സന്യാസി ശോഭന്‍ സര്‍ക്കാര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തയച്ചിരുന്നു. സ്വപ്നത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ സ്ഥലം സന്ദര്‍ശിക്കാന്‍ ആളുകളുടെ തിരക്കാണ്. ലക്നൌവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉന്നാവോ. ജില്ലയിലെ ഡൌന്‍ടിയ ഖേര ഗ്രാമത്തിലാണ് സ്ഥലം.

കഴിഞ്ഞ മൂന്നു ദിവസമായി പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി വരികയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഭൂമിക്കടിയില്‍ ഏതോ ലോഹം ഉണ്ടെന്നുള്ളതിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വകുപ്പ് ഖനന നടപടികളുമായി മുന്നോട്ടു പോയത്. സ്വര്‍ണമാണോ ഭൂമിക്കടിയിലെന്നു തിട്ടപ്പെടുത്താന്‍ ഇപ്പോള്‍ വിദഗ്ധര്‍ക്കു കഴിയില്ല. വെറും 25-30 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന പ്രദേശം ഭരിച്ച രാജാവിന് 1000 ടണ്‍ സ്വര്‍ണം ഭൂമിക്കടിയില്‍ ഒളിപ്പിക്കുക എന്നത് പ്രായോഗികമല്ലെന്ന് ലക്നൌ സര്‍വകലാശാലയിലെ ചരിത്ര, പുരാവസ്തു വകുപ്പ് തലവന്‍ ഡി.പി. തിവാരി വ്യക്തമാക്കി.

അതേസമയം, ഖനനം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലായിരിക്കണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഹര്‍ജിയില്‍ ഉടനടി വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഖനന നടപടികള്‍ നോക്കി നടത്തുന്നുണ്ടെന്നും ഹര്‍ജിയിലെ പിശകുകള്‍ പരിഹരിച്ചതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ പല സ്ഥലങ്ങളിലും നിധി ഒളിച്ചു കിടപ്പുണ്ടെന്നും ശോഭന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. തദ്ദേശ, സംസ്ഥാന ഭരണകൂടങ്ങള്‍ സ്വപ്നം കാര്യമാക്കിയില്ല. എന്നാല്‍ ശോഭന്‍ സര്‍ക്കാരിന്റെ ഭക്തനായ കോണ്‍ഗ്രസ് നേതാവ് ഭക്ത് ചരണ്‍ ദാസ് സ്ഥലം സന്ദര്‍ശിച്ച് പുരാവസ്തുവകുപ്പിനോട് വിഷയം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ശോഭന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സംഭവിക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഉന്നാവോയിലെ രാജാവിന്റെ പിന്‍മുറക്കാരനായ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം, സ്വര്‍ണം കണ്ടെടുത്താല്‍ 20% പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി ചെലവഴിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പട്ടു. 1857ലെ ലഹളയില്‍ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട് ഒളിവില്‍ കഴിഞ്ഞ രാജാവാണ് രാജാ റാവു റാം ബക്സ് സിങ്. ഇദ്ദേഹം വാരണാസിയില്‍ ഒളിവില്‍ കഴിയവെ പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടു.