അങ്ങനെ രണ്ട് ഇലയായി; സ്വതന്ത്ര നിലപാട് ആലോചനയിൽ


∙ യുഡിഎഫിൽ നിന്നു പുറത്താക്കിയ സാഹചര്യത്തിൽ ‘ചരൽക്കുന്ന് മാതൃകയിൽ സ്വതന്ത്ര നിലപാട്’ എടുത്ത് പുറത്തു നിൽക്കാൻ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ആലോചന. ഇന്നു രാവിലെ കോട്ടയത്തു ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തേക്കും.  സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു മുൻപ് എംപിമാരും എംഎൽഎമാരും മാത്രം യോഗം ചേർന്നു ഭാവി പരിപാടിയുടെ രൂപരേഖ തയാറാക്കും.

ഇന്നലെ യുഡിഎഫ് തീരുമാനം വരുന്നതിനു മുൻപും ശേഷവും മുതിർന്ന നേതാക്കൾ പലവട്ടം ഇതുചർച്ച ചെയ്തിരുന്നു. ബാർ കോഴ വിവാദത്തിന്റെ വേളയിൽ യുഡിഎഫ് വിട്ട ശേഷം കെ.എം. മാണി സ്വീകരിച്ച പാത തുടർന്നും സ്വീകരിക്കണമെന്നാണ് മുതിർന്ന നേതാക്കൾ നിർദേശിച്ചത്. മറ്റു മുന്നണികളിൽ ഉടനെ ചേരാതെ പാർട്ടി ശക്തിപ്പെടുത്താനും പാർട്ടിയുടെ ശക്തി മുന്നണികളെ ബോധ്യപ്പെടുത്താനും ശ്രമിക്കുക എന്നതായിരുന്നു ചരൽക്കുന്ന് മാതൃക. 

ചരൽക്കുന്നിൽ യുഡിഎഫ് വിടാൻ തീരുമാനം എടുത്തപ്പോൾ ഉള്ളതിനെക്കാൾ പാർട്ടി അംഗങ്ങളുടെ എണ്ണം കൂടിയെന്നാണു ജോസ് വിഭാഗം നേതാക്കളുടെ അവകാശവാദം. ബൂത്ത് തലം മുതൽ പാർട്ടി കമ്മിറ്റികൾ രൂപീകരിച്ചും സമരങ്ങൾ നടത്തിയും അന്നു കെ. എം.മാണി പാർട്ടിയെ ശക്തമാക്കിയതോടെ അംഗസംഖ്യ അന്നത്തെക്കാൾ അര ലക്ഷം വർധിച്ചുവെന്നും നേതാക്കൾ പറയുന്നു. 

യുഡിഎഫിന്റെ നടപടി തങ്ങളുടെ അണികളെ വികാരപരമായി ഒരുമിപ്പിച്ചു നിർത്തുമെന്നാണു ജോസ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഇന്നലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾ നേതാക്കൾക്ക് ആവേശം പകർന്നു. യുഡിഎഫ് തീരുമാനത്തോടുള്ള പ്രവർത്തകരുടെ എതിർപ്പു ഗുണമാകുമെന്നാണു വിലയിരുത്തൽ. 

യുഡിഎഫുമായി ചർച്ചയ്ക്കുള്ള സാധ്യത ഇല്ലാതായിട്ടില്ലെന്നാണു പാർട്ടി വിലയിരുത്തൽ. എന്നാൽ ഉടനെ അങ്ങോട്ടു പോയി ചർച്ച വേണ്ട എന്നാണു തീരുമാനം. ഉടൻ എൽഡിഎഫിലേക്കു ചേക്കേറാനും ശ്രമിക്കില്ല. യുഡിഎഫ് പുറത്താക്കിയത് ആവശ്യമെങ്കിൽ എൽഡിഎഫ് പ്രവേശത്തെ അണികൾക്കു മുന്നിൽ ന്യായീകരിക്കാൻ ഉപയോഗിക്കാമല്ലോ എന്ന ചിന്തയുമുണ്ട്. ഈ സമയത്തിനുള്ളിൽ ചിഹ്നം സംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിധി വരും. തുടർന്നു മുന്നണികളുമായി ചർച്ച നടത്താനും പാർട്ടിക്കു സാധിക്കും. 

പാലാ ഇന്നലെ

യുഡിഎഫിൽ നിന്നു പുറത്താക്കിയെന്ന വാർത്ത അറിഞ്ഞതു മുതൽ ജോസ് കെ.മാണിയുടെ പ്രഖ്യാപനത്തിനു കാത്തു നിൽക്കുകയായിരുന്നു പാലായിലെ പ്രവർത്തകർ.  യുഡിഎഫ് തീരുമാനം നീതിനിഷേധമെന്ന ജോസ് കെ. മാണിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ പാലായിലെ പ്രവർത്തകർ പ്രകടനം നടത്തി.പ്രകടനം കോവിഡ് പശ്ചാത്തലത്തിൽ 3 ടീമായാണു നടത്തിയത്.

 ജനറൽ ആശുപത്രിക്കു സമീപം പാർട്ടി ഓഫിസിൽ നിന്നാണു പ്രകടനം ആരംഭിച്ചത്. ഓരോ ടീമും ഇടവേളകൾ ഇട്ടാണു പ്രകടനം നടത്തിയത്. കുരിശുപള്ളി ജംക്‌ഷൻ വഴി സ്റ്റേഡിയം ഭാഗത്തേക്കാണു പ്രകടനങ്ങൾ നടത്തിയത്. യുഡിഎഫിൽ നിന്നു നീതി കിട്ടുന്നില്ലെന്നാണു പാലായിലെ നേതാക്കളുടെ പൊതുവികാരം.

കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന നിയോജക മണ്ഡലം സെക്രട്ടേറിയറ്റിൽ യുഡിഎഫ് വിടണമെന്ന ആവശ്യം ഉയർന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചതിച്ചെന്ന വികാരമാണു പൊതുവേ ഉയർന്നത്.രാമപുരം, കടനാട്, ഭരണങ്ങാനം, കരൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കോൺഗ്രസ് വോട്ട് ചോർന്നുവെന്നായിരുന്നു കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നിയോജക മണ്ഡലം സെക്രട്ടേറിയറ്റിന്റെ ആരോപണം. 

തൊടുപുഴ ഇന്നലെ

തൊടുപുഴ ∙ പത്തു വർഷം മുൻപു പി.ജെ.ജോസഫ് യുഡിഎഫിലേക്കു തിരികെ വന്നപ്പോൾ കലാപഭൂമിയായ തൊടുപുഴ ഇന്നലെ ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയപ്പോൾ ശാന്തമായി ഒഴുകി. ഉച്ചയോടെ മുന്നണി തീരുമാനം പുറത്തുവിട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെ ബഹളങ്ങൾക്കപ്പുറം ഇടുക്കി ജില്ല ശാന്തമായിരുന്നു.

2010 ഏപ്രിൽ 30നുജോസഫ് എൽഡിഎഫ് മുന്നണിയിൽ നിന്നു മന്ത്രിസ്ഥാനം രാജിവച്ചു യുഡിഎഫിലെത്തിയപ്പോൾ ജോസഫിനെതിരെ മുദ്രാവാക്യവുമായെത്തിയത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. അന്നു ജോസഫിന് അനുകൂലമായി മാണി വിഭാഗം പ്രകടനം നയിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ മാണി വിഭാഗവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി ചോര വീഴ്ത്തി. 

ഇടുക്കി ജില്ലയിൽ ആകെ നടന്ന പ്രതിഷേധപ്രകടനം തൊടുപുഴയിലായിരുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച പ്രകടനം പാലാ റോഡ് വഴി സിവിൽ സ്റ്റേഷൻ ജംക്‌ഷൻ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ജോസ് കെ. മാണിക്ക് അഭിവാദ്യം അർപ്പിച്ച പ്രവർത്തകർ പി.ജെ.ജോസഫിനെതിരെ മുദ്രാവാക്യം മുഴക്കി.എന്നാൽ ജോസഫ് വിഭാഗം ജോസിനെതിരായ നടപടി ആഘോഷമാക്കി.  തൊടുപുഴയിലും കട്ടപ്പനയിലും ആഹ്ലാദ പ്രകടനവും കേക്ക് വിതരണവും നടത്തി.

കടുത്ത അനീതി, ആത്മാഭിമാനം അടിയറവു വയ്ക്കില്ല:ജോസ് കെ. മാണി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതിനപ്പുറം ഇതു രാഷ്ട്രീയനീതിയുടെ പ്രശ്നമാണ്. ഇല്ലാത്ത ധാരണ ഏകപക്ഷീയമായി യുഡിഎഫ് അടിച്ചേൽപിക്കുകയാണ്.ഞങ്ങൾ ധാരണ പാലിച്ചില്ലെന്ന പേരിലാണു പുറത്താക്കൽ. രണ്ടു രാഷ്ട്രീയ പാർട്ടികൾ പരസ്പര സമ്മതത്തോടെയാണു ധാരണയിൽ എത്തുന്നത്.

പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് അത്തരം ധാരണയില്ല. ഇക്കാര്യം യുഡിഎഫിൽ ഞങ്ങൾ അറിയിച്ചു. സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗം നിർദേശമാണ് ഉന്നയിച്ചത്. അവ അപ്പോൾത്തന്നെ തള്ളി. സിലക്ടീവ് ജസ്റ്റിസ് ഇൻജസ്റ്റിസ് ആണ്. തങ്ങളുടെ സൗകര്യം അനുസരിച്ചു ധാരണകളും കരാറുകളും ഓർത്തെടുക്കുന്ന ‘സിലക്ടീവ് ഡിമെൻഷ്യ’യാണു മറ്റു ചിലർക്ക്. 

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്നിൽ നിന്നു കുത്തിയ ജോസഫ് വിഭാഗം നേതാക്കൾക്കെതിരെ യുഡിഎഫിനു പരാതി നൽകിയിരുന്നു. ഇതുവരെ ഒരു നടപടിയും യുഡിഎഫ് എടുത്തില്ല. കേരള കോൺഗ്രസിന്റെ ആത്മാഭിമാനം ആർക്കും മുന്നിൽ അടിയറവു വയ്ക്കില്ല. 

മാണിയും ജോസ് കെ. മാണിയും ഒരുപോലെയല്ല: പി.ജെ.ജോസഫ്

ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കിയതിൽ എനിക്ക് ഒരു റോളും ഇല്ല. ഇതു  യുഡിഎഫിന്റെ  തീരുമാനമാണ്. മുന്നണി തീരുമാനം മാനിക്കാതെ ജോസ് കെ. മാണി സ്വയം പുറത്തായതാണ്.കെ.എം.മാണിയുമായി എനിക്കു പ്രശ്നമൊന്നുമില്ല. എന്നാൽ മാണി സാറും ജോസ് കെ. മാണിയും ഒരുപോലെയാണെന്നു പറയാനാവില്ല. 

മാണി സാർ കാര്യങ്ങൾ മനസ്സിലാക്കി നിയമാനുസൃതമായി പ്രവർത്തിക്കുന്നയാളായിരുന്നു. അന്ന് അദ്ദേഹം ഭരണഘടനയിൽ എഴുതിവച്ച ഒരു കാര്യം അംഗീകരിക്കാൻ ജോസ് കെ. മാണി തയാറായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. ജോസ് കെ.മാണി അതൊക്കെ ലംഘിച്ചു.

ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ഞങ്ങൾ 8 മാസം കാത്തിരുന്നു. എന്നിട്ടും അവർ കരാർ പാലിക്കാൻ തയാറായില്ല. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചതിന്റെ ഫലമാണ് ഇപ്പോൾ പുറത്തു പോകേണ്ടിവന്നത്. കേരള കോൺഗ്രസ് പ്രവർത്തകർ സത്യത്തിന്റെ കൂടെ നിൽക്കും. അതുകൊണ്ടു തന്നെ അവർ ഒറ്റപ്പെടും.

“കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിനു യോജിക്കാത്ത പ്രവർത്തനങ്ങളുടെ പരിണതഫലമാണ് ഇന്നുണ്ടായിരിക്കുന്നത്. ഒൻപതു കഷണങ്ങളായി നിൽക്കുന്ന കേരള കോൺഗ്രസ് ഒന്നിച്ചുനിന്നു ജനനന്മയ്ക്കായി പ്രവർത്തിക്കണം.” – പി.സി.ജോർജ് എംഎൽഎ (കേരള കോൺഗ്രസ് സെക്കുലർ)

“ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന് എൻഡിഎ നല്ല വേദിയാണ്. എൻഡിഎ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു മുന്നണി വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. താമസിയാതെ പലരുമായും സംസാരിക്കാൻ തുടങ്ങും.” – പി.സി.തോമസ്, ചെയർമാൻ, കേരള കോൺഗ്രസ് (തോമസ് വിഭാഗം)