154 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള ബൌളർ സച്ചിന്‍

s95
സച്ചിന്‍ എന്ന വാക്ക് ഇന്ത്യന്‍ ബാറ്റിംഗിന്റെ മറുവാക്കായിട്ട് രണ്ടുദശകങ്ങളായി. എന്നാല്‍ എല്ലായ്പ്പോഴും സച്ചിന്റെ ബാറ്റിംഗിനെ പുകഴ്ത്തുന്നവര്‍ കാണാതെ പോകുന്ന മേഖലയാണ് സച്ചിനിലെ ബൗളറെ. ഏകദിന ക്രിക്കറ്റില്‍ 463 ഏകദിനങ്ങളില്‍ നിന്ന് 154 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള സച്ചിന്‍ കരിയറിന്റെ അവസാനകാലത്ത് ബൗളിംഗില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നെങ്കിലും സച്ചിന്റെ ബൗളിംഗ് കൊണ്ടു മാത്രം ഇന്ത്യ ജയിച്ച നിരവധി മത്സരങ്ങളുണ്ടെന്നത് ഓര്‍ക്കുന്നവര്‍ വളരെ ചുരുക്കം. ഒപ്പം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ഒമ്പതാമത്തെ ബൗളര്‍ കൂടിയാണ് സച്ചിനെന്ന കാര്യവും.

1991ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പെര്‍ത്തിലെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 126 റണ്‍സിന് പുറത്തായി. അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചതോടെ വെസ്റ്റിന്‍ഡീസും തകര്‍ന്നു. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സ്. ആദ്യ അഞ്ചു പന്തില്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങിയ സച്ചിന്‍ അവസാന പന്തില്‍ വിക്കറ്റെടുത്ത് മത്സരം ടൈയിലെത്തിച്ചു. സച്ചിനിലെ ബൗളറെ ഇന്ത്യ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം.

1991-92ല്‍ ഷാര്‍ജയില്‍ വെസ്റ്റിന്‍ഡീസനെതിരായ മത്സരത്തില്‍ നാലു വിക്കറ്റുകള്‍ പിഴുത് സച്ചിന്‍ വീണ്ടും ഇന്ത്യയുടെ വിജയശില്‍പിയായി. 1993ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. ഭാഗ്യപരീക്ഷണമെന്ന നിലയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പന്ത് സച്ചിനെ ഏല്‍പ്പിച്ചു. ആ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ഡോട് പന്തുകള്‍ എറിഞ്ഞ സച്ചിന്റെ ഓവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് കേവലം മൂന്നു റണ്‍സ്. ഇന്ത്യക്ക് രണ്ടു റണ്‍സിന്റെ അവിശ്വസനീയ ജയം.

1997-98ല്‍ പെപ്സി ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരം. ബാറ്റിംഗില്‍ വെറും എട്ടു റണ്‍സ് മാത്രമെടുത്ത് സച്ചിന്‍ പുറത്തായപ്പോള്‍ കേരളത്തിലെ ആരാധകര്‍ നിരാശരായെങ്കിലും വിജയവഴിയില്‍ കുതിക്കുകയായിരുന്ന ഓസീസിനെ പിടിച്ചുകെട്ടാന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ സച്ചിനെ പന്തേല്‍പ്പിച്ചു. മത്സരം പൂര്‍ത്തിയായപ്പോള്‍ സച്ചിന്റെ ബൗളിംഗ് പ്രകടനം ഇങ്ങനെ. 10 ഓവറില്‍ 32 റണ്‍സിന് അഞ്ചു വിക്കറ്റ്.

2004-2005ല്‍ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലും സച്ചിനിലെ ബൗളറെ അടുത്തുകാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടായി. അന്നും ബാറ്റിംഗില്‍ പരാജയപ്പെട്ട സച്ചിന്‍ 50 റണ്‍സ് വഴങ്ങി പാക്കിസ്ഥാന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുത് വീണ്ടും കരുത്തുകാട്ടി. സച്ചിന്റെ കരിയറിലെ രണ്ടു അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ക്കും വേദിയാവാനുള്ള ഭാഗ്യവും അങ്ങനെ കൊച്ചിക്കായി.