1600 കിലോഗ്രാം സ്ഫോടക വസ്തുക്കൾ, സുരക്ഷക്കായി ജിയോ ടെക്സ്റ്റൈൽ ഷീറ്റ്

1600 കിലോഗ്രാം സ്ഫോടക വസ്തുക്കൾ, സുരക്ഷക്കായി ജിയോ ടെക്സ്റ്റൈൽ ഷീറ്റ്

സുപ്രീംകോടതി നിർ‌ദേശ പ്രകാരം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ തൂണുകൾ ജിയോ ടെക്സ്റ്റൈൽ ഷീറ്റ് ഉപയോഗിച്ചു പൊതിയുന്ന തൊഴിലാളികൾ. ചിത്രം: റോബർട്ട് വിനോദ്∙മനോരമ

കൊച്ചി∙ മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച 19 നിലകളിലുള്ള ഹോളിഫെയ്ത് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിനായി മുന്നൊരുക്കം. സ്ഫോടനം നടത്തുന്ന തൂണുകളിൽ ആദ്യം സ്ഫോടക വസ്തുക്കൾ വയ്ക്കാനായി ദ്വാരങ്ങളിടും. ഫ്ലാറ്റിലെ തൂണുകൾ ജിയോ ടെക്സ്റ്റൈൽ ഷീറ്റ് ഉപയോഗിച്ചു പൊതിയും.  ചെയിൻ ലിങ്കും, ജിയോ ടെക്സൈറ്റൽ ഷീറ്റുകളും ഉപയോഗിച്ചു സ്ഫോടനം നടക്കുമ്പോൾ അവശിഷ്ടങ്ങൾ ദൂരേക്കു തെറിക്കാതിരിക്കാനായി പൊതിയും.

സുപ്രീംകോടതി നിർ‌ദേശ പ്രകാരം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ തൂണുകൾ ജിയോ ടെക്സ്റ്റൈൽ ഷീറ്റ് ഉപയോഗിച്ചു പൊതിയുന്ന തൊഴിലാളികൾ. ചിത്രം: റോബർട്ട് വിനോദ്∙മനോരമ

മുൻപ് ലഭിച്ച വിവരങ്ങൾ പ്രകാരം താഴത്തെ നില, 1, 5, 9, 12 എന്നീ നിലകളിലാണു സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുക. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു ഓരോ നിലകളിലെയും സ്ഫോടനങ്ങൾ. കെട്ടിട അവശിഷ്ടങ്ങൾ ഏതു രീതിയിലാണു ഭൂമിയിൽ പതിക്കേണ്ടത് എന്നതിന് അനുസരിച്ചാണ് ഈ സ്ഫോടനങ്ങൾ ക്രമീകരിക്കുക. ഓരോ ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കുന്നതിനു വ്യത്യസ്ത സ്ഫോടന പദ്ധതികളാണു നടപ്പാക്കുക.

തൊട്ടടുത്ത് അപകട സാധ്യത ഏറ്റവും കൂടുതലുള്ള കെട്ടിടങ്ങൾ പ്രത്യേക ഷീറ്റുകൾ ഉപയോഗിച്ചു മൂടും. പൊടിശല്യം കുറയ്ക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും..

ജനുവരി 3 മുതൽ  സ്ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങും

മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സ്ഫോടക വസ്തുക്കൾ ജനുവരി 3 മുതൽ നിറച്ചു തുടങ്ങും. നാഗ്പൂരിൽ നിന്ന് എത്തിക്കുന്ന സ്ഫോടക വസ്തുക്കൾ അങ്കമാലിക്കടുത്തുള്ള സംഭരണ കേന്ദ്രത്തിലാണു (മാഗസിൻ) സൂക്ഷിക്കുക. പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ച ശേഷമാണു സ്ഫോടക വസ്തുക്കൾ ഫ്ലാറ്റുകളിൽ നിറച്ചു തുടങ്ങുക. മാഗസിനിൽനിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ട്രക്കുകളിലാണു സ്ഫോടക വസ്തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിക്കുക.

ഓരോ ദിവസവുമെത്തിക്കുന്ന സ്ഫോടക വസ്തുക്കൾ അതതു ദിവസം വൈകിട്ട് ആറിനു മുൻപു ഫ്ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയാറാക്കിയ ദ്വാരങ്ങളിൽ നിറയ്ക്കും. സ്ഫോടക വസ്തുക്കൾ ബാക്കിയായാൽ സുരക്ഷാ കാരണങ്ങളാൽ ഫ്ലാറ്റ് പരിസരത്തു സൂക്ഷിക്കില്ല. തിരികെക്കൊണ്ടുപോയി മാഗസിനിൽതന്നെ സൂക്ഷിക്കും.പൊളിക്കാൻ ചുമതലയുള്ള കമ്പനികൾ സ്ഫോടകവസ്തുക്കൾക്കായി നാഗ്പൂരിലെ കമ്പനിക്കു കരാർ നൽകിയിട്ടുണ്ട്. നാഗ്പൂരിൽനിന്ന് അടുത്ത മാസം ആദ്യം മാത്രമേ സ്ഫോടക വസ്തുക്കൾ അങ്കമാലിയിലെ മാഗസിനിൽ എത്തിക്കൂ.

മൊത്തം 1600 കിലോഗ്രാം സ്ഫോടക വസ്തുക്കൾ

മരടിലെ 4 ഫ്ലാറ്റുകളിലെ 5 ടവറുകളിൽ സ്ഫോടനം നടത്താൻ മൊത്തം 1600 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് വേണ്ടത്.സ്ഫോടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് ഡോ. ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പെസോ വിദഗ്ധ സംഘം 27 ,28 തീയതികളിൽ മരടിലെ ഫ്ലാറ്റുകളിൽ പരിശോധന നടത്തും. നേരത്തേ, എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിൽ സംഘം പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിനു തുടക്കമിടുന്ന എക്സ്പ്ലോഡർ സ്ഥാപിക്കുന്നതിലുൾപ്പെടെ വിദഗ്ധ സംഘം ഭേദഗതികൾ നിർദേശിക്കുകയും ചെയ്തു.

മരടിൽ സുപ്രീം കോടതി നിർദേശ പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിൽ ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനം നടത്താനാണു തീരുമാനം. 11ന് എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ, 12ന് ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തും. അതേ സമയം, ജനവാസം കുറഞ്ഞ മേഖലയിലെ ഫ്ലാറ്റുകളിൽ ആദ്യം സ്ഫോടനം നടത്തണമെന്ന ആവശ്യവുമായി ആൽഫ സെറീൻ ഫ്ലാറ്റിന്റെ സമീപവാസികൾ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം കലക്ടർ വിളിച്ച യോഗത്തിലും പരിസരവാസികൾ ഈയാവശ്യമുന്നയിച്ചിരുന്നു.