20 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ മിഥുന് തിരികെ കിട്ടി; പോച്ചിറാം മഹാരാഷ്ട്രയിലേക്ക് പോകുന്നത് മണിമല ആശ്രയയില്‍ നിന്നും

മണിമല: മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലെ മിഥുന്‍െറ കുടുംബം ഏറെ സന്തോഷത്തിലാണ്. 20 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കുടുംബം. 55 കാരനായ പോച്ചിറാമിനെ തിരികെ വീട്ടി​ലേക്ക് കൊണ്ടുപോകാന്‍ മൂത്തമകന്‍ മിഥുനും ഭാര്യാപിതാവും അമ്മാവനും മണിമലയിലെ ആശ്രയഭവനില്‍ എത്തി. 20 വര്‍ഷം മുമ്പ് കാണാതായ പോച്ചിറാം മരിച്ചെന്ന് കുടുംബം കരുതിയിരുന്നിടത്താണ് അപ്രതീക്ഷിതമായി ആശ്രയഭവനിലെ ഫോണ്‍കോള്‍ എത്തിയതും പോച്ചിറാമിന് വീട്ടിലേക്ക് മടങ്ങാനായതും.

പോച്ചിറാമിന്റെ ഇളയമക​ന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പിതാവിനെ തിരികെ കിട്ടിയതിന്റെ ആഹ്ലാദം മിഥുനും ബന്ധുക്കളും മറച്ചുവെച്ചില്ല. മാനസികനില തെറ്റി മുടിയും താടിയും നീട്ടിവളര്‍ത്തി കുളിക്കാതെ ദുര്‍ഗന്ധം പേറി കേരളത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന പോച്ചിറാമിനെ മണിമല ആശ്രയഭവന്‍ ഏറ്റെടുക്കുകയായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് കരിമ്പനക്കുളം തിരു ഹൃദയപ്പള്ളി വികാരി ഡയറക്ടറായുള്ള മണിമല ആശ്രയഭവന്‍ പോച്ചിറാമിനെ ഏറ്റെടുത്തത്.

ഇവിടുത്തെ ശുശ്രൂഷകര്‍ കുളിപ്പിച്ച് മുടിയും താടിയും വെട്ടി മനുഷ്യരൂപത്തിലാക്കി. പിന്നീട് കോട്ടയം മെഡിക്കള്‍ കോളേജ് ആശുപത്രിയിലെ ചികില്‍സയും ആശ്രയഭവനിലെ സ്നേഹപൂര്‍ണ്ണമായ പരിചരണവും കൊണ്ടു സുബോധം തിരികെ കിട്ടിയ ഇയാള്‍ ഇടയ്ക്ക് തന്റെ വീട് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലാണെന്ന് പറഞ്ഞ​തോടെയാണ് വഴിത്തിരിവായത്. ആശ്രയഭവന്‍ അധികൃതര്‍ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറി. തുടര്‍ന്ന് മണിമല ആശ്രയഭവനില്‍ മൂത്തമകന്‍ മിഥുനും ബന്ധുക്കളും കഴിഞ്ഞ ദിവസം എത്തുകയായിരുന്നു.

മണിമല പോലീസിന്‍െറ നേതൃത്വത്തില്‍ പോച്ചിറാമിനെ (55) ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നലെ മണിമലയിലെത്തിയ പോച്ചിറാമിന്‍െറ ബന്ധുക്കള്‍ ഇന്ന് രാവിലെ ആശ്രയഭവന്‍ ശുശ്രൂഷകര്‍ക്ക് നന്ദി പറഞ്ഞ് പോച്ചിറാമുമായി മടങ്ങി. മലയാളികളുടെ നല്ല മനസിന് ഒരുപാട് നന്ദി പറഞ്ഞ് ഇത്രയും കാലം കൂടെ കഴിഞ്ഞ മറ്റു അന്തേവാസികളെയെല്ലാം കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും യാത്രചോദിച്ച് പോച്ചിറാം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി.

മാനസികനില തെറ്റിയ 22 പേരെ ആശ്രയഭവന്‍ സംരക്ഷിക്കുന്നുണ്ട് . ഒരു മാസം മുന്‍പ് അന്യസംസ്ഥാനക്കാരായ ഇരുപതുകാരനെയും ആശ്രയഭവനില്‍ നിന്നും വീട്ടുകാര്‍ കൊണ്ടുപോയിരുന്നു .ട്രെയിനില്‍ ഇറങ്ങേണ്ട സ്ഥലം അറിയാതെ മഹാരാഷ്ട്രയില്‍ നിന്നും കോട്ടയത്തെത്തിയ രാകേഷ് (18) പേടിച്ചു സമനില തെറ്റി കോട്ടയത്തുകൂടി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു . ഛത്തീസ്ഗഡ് സ്വദേശിയായ ശ്യാമിനേയും 17 ന് വീട്ടുകാര്‍ കൂട്ടികൊണ്ടുപോകും. കരിമ്പനക്കുളം പള്ളിയുടെ കീഴിലുള്ള 12 പേരടങ്ങുന്ന ട്രസ്റ്റാണ് ആശ്രയഭവന്‍ നടത്തുന്നത്.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാനസികരോഗികളെ ഇവിടെ കൊണ്ടുവന്ന് സ്നേഹപൂര്‍ണ്ണമായ പരിചരണവും സമയത്തു നല്ല ഭക്ഷണവും മരുന്നുകളും നല്‍കിയും പുതിയ മനുഷ്യരാക്കി മാറ്റുകയാണ്. ക്രിസ്ത്യാനിയുടെ കടമകള്‍ മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളുവെന്നാണ് ആശ്രയഭവന്‍ ശുശ്രൂഷകര്‍ പറയുന്നത്. പോച്ചിറാമിന്‍െറ ഇളയമകന്‍െറ കല്യാണം 20 നാണ്. അപ്പനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നാട്ടുകാരെ മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചു സദ്യ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം .