21 കോടിയുടെ പദ്ധതികളുമായി മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം∙ വികസ്വര മുണ്ടക്കയം–മുന്നേറാം ഒന്നായ് എന്ന ആശയത്തിൽ പഞ്ചായത്തിൽ ബജറ്റ് അവതരണം നടത്തി.

21,11,89,765 കോടി രൂപ വരുവും 20,05,72000, ചെലവും, 10,617,769 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അംഗവുമായ നസീമാ ഹീരാസ് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. കാർഷികം, ചെറുകിട വ്യവസായം, കുടുംബശ്രീ, യുവജനക്ഷേമം, വൃദ്ധരും വികലാംഗരും, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ വികസനം, ദാരിദ്ര നിർമാർജനം എന്നിവയാണ് പ്രധാന പദ്ധതികൾ.

∙ കർഷകർക്ക് കരുത്ത് പകരും ജില്ലയ്ക്ക് തന്നെ മാതൃകയായ കർഷക ഓപ്പൺ മാർക്കറ്റ് വിപുലപ്പെടുത്താൻ പദ്ധതി ആവിഷ്കരിക്കും, ക്ഷീരസംഘങ്ങൾ ഏറെയുള്ള മേഖലയിൽ ‘ഒരുകയ്യിൽ പാലും മറുകയ്യിൽ പച്ചക്കറിയും’ എന്ന പദ്ധതിക്ക് തുടക്കമാകും, കർഷക വ്യവസായ സംരംഭങ്ങൾ നടപ്പാക്കും, യുവജനങ്ങൾക്ക് കാർഷികതയിൽ തൊഴിലധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുവാനുള്ള പദ്ധതിയും ലക്ഷ്യമിടുന്നു. ‘സുഗന്ധി’ എന്ന പേരിൽ ഔഷധ സസ്യങ്ങൾ വ്യഞ്ജനങ്ങൾ, കശുമാവിൻ തൈകൾ നട്ട് സംരക്ഷിക്കുന്നതിന് കർഷകർക്കൊപ്പം വിദ്യാർഥികളിലും പദ്ധതികൾ തയാറാക്കും. ∙ പ്ലാസ്റ്റിക്ക് പടിക്ക് പുറത്ത് മാലിന്യ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുവാൻ നൂതന പദ്ധതികൾക്കാണ് ലക്ഷ്യമിടുന്നത്. ‘പ്ലാസ്റ്റിക് രഹിത പഞ്ചായത്ത്’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണി, പേപ്പർ ബാഗുകൾ നിർമിച്ച് കുടുംബശ്രീവഴി വ്യാപാര സ്ഥാപനങ്ങളിൽ എത്തിക്കും. ടൗണിലെയും ഗ്രാമങ്ങളിലെയും പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ വേർതിരിച്ച് റീസൈക്ലിങ് യൂണിറ്റും, ജൈവവളം നിർമാണ യൂണിറ്റും ആരംഭിക്കും.

∙ നിർധനർക്ക് കൈത്താങ്ങ് ‘ഒരു നിമിഷം നിങ്ങളോടൊപ്പം’ എന്ന പേരിൽ പാലിയേറ്റീവ് സംവിധാനം വൃദ്ധരുടെയും കിടപ്പ് രോഗികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ബഡ്സ് സ്കൂൾ ആരംഭിക്കുവാൻ പദ്ധതി തയാറാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപദ്ധതി മാതൃകയിൽ പഞ്ചായത്ത് പ്രസിഡന്റ് കൺവീനറായും സെക്രട്ടറി ചെയർമാനായും സഹായ നിധി സമാഹരിച്ച് അർഹരായവർക്ക് വിതരണം ചെയ്യും. ∙ക്ഷേമ പദ്ധതികൾ സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും 10 ശതമാനം തുക ബജറ്റിൽ വകയിരുത്തി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിധവകൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കും. ∙ വിദ്യാഭ്യാസ പദ്ധതികൾ മേഖലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കായിക വിദ്യാഭ്യാസത്തിന് കൂടുതൽ മുൻഗണന നൽകും. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ലാപ്ടോപ്പ് മറ്റ് അനുബന്ധ ഉപകരണങ്ങൾ നൽകുന്നതിന് പദ്ധതികൾ നടപ്പാക്കും. കുട്ടികളിൽ കൃഷിയുടെ മഹത്വം വർധിപ്പിക്കുവാൻ സ്കൂൾ തലങ്ങളിൽ പ്രത്യേക പദ്ധതികൾക്കും ലക്ഷ്യമിടുന്നു.

∙ വീട് വെള്ളം വഴി ഇന്ദിര ആവാസ് യോജന പദ്ധതി, ലക്ഷംവീടുകളുടെ നവീകരണം എന്നിവ സർക്കാർ സഹായത്തോടെ നടപ്പാക്കും. ശുചിത്വ മിഷനുമായി ബന്ധപെട്ട് ശൗചാലയങ്ങളും മഴവെള്ള സംഭരണിയും നിർമിക്കും. കോളിനികളുടെ അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കും. ജലനിധി മാതൃകയിൽ എല്ലാ വാർഡുകളിലും കുടിവെള്ള പദ്ധതികൾ ആവിഷ്കരിക്കും. ഗ്രാമീണ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയ്ക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും. ∙ ടൗൺ വികസനം മുഖ്യം ബസ് സ്റ്റാൻഡ് നവീകരണത്തിനൊപ്പം സ്ത്രീകൾക്ക് മാത്രമായി വെയിറ്റിങ്ഷെഡ് സ്ഥാപിക്കും. മത്സ്യ മാംസ മാർക്കറ്റുകൾ നവീകരിക്കും. മണിമലയാർ ശുചീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും. പുത്തൻചന്തലയിലുള്ള സ്റ്റേഡിയം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മത്തായിയുടെ നാമധേയത്തിൽ നവീകരിക്കും. സംസ്ഥാന സർക്കാർഫണ്ടും, എംപി ഫണ്ടും ഇതിനായി വിനിയോഗിക്കും. കാലപ്പഴക്കമുള്ള പഞ്ചായത്ത് കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമിക്കും. വായനശാല പദ്ധതി നടപ്പാക്കും. നിലവിലുള്ള വനിത കന്റീൻ മെച്ചപ്പെടുത്തുന്നതിനൊപ്പം പഞ്ചായത്ത് കോംപൗണ്ടിൽ പുതിയ വനിതാ കന്റീൻ ആരംഭിക്കും.

ചർച്ചയിൽ താരം പാലും പച്ചക്കറിയും ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം ഏതാനം ചില പദ്ധതികളുടെ അഭിപ്രായങ്ങളും ഉയർന്നെങ്കിലും ഭരണ പ്രതിപക്ഷമെന്യേ ബജറ്റിന് പച്ചക്കൊടികാട്ടി. പക്ഷേ, വ്യത്യസ്ഥത നിറഞ്ഞ പദ്ധതിയിൽ പ്രധാനമായും ചർച്ചയിൽ ഇടം പിടിച്ചത് ‘ഒരു കയ്യിൽ പാലും മറു കയ്യിൽ പച്ചക്കറിയും’ എന്ന പദ്ധതിയാണ്, ക്ഷീര കർഷകരെയും ജൈവ കർഷകരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ മേഖലയുടെ കർഷക പാരമ്പര്യവും തുറന്നുകാട്ടി. ചർച്ചയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും എടുത്ത് പറഞ്ഞതും ഇത് തന്നെ. പക്ഷേ, കുടുംബശ്രീ ചെയർപഴ്സൻ വക ചെറിയൊരു പരിഭവവും ഉണ്ടായി.

കഴിഞ്ഞ വർഷം നടപ്പാക്കുമെന്ന് പറഞ്ഞ മുട്ടകോഴി പദ്ധതി എങ്ങുമെത്തിയില്ല എന്നായിരുന്നു പരിഭവം. ‘ഒരു കയ്യിൽ പാലും മറുകയ്യിൽ പച്ചക്കറിയും എന്ന പദ്ധതിക്കൊപ്പം പോക്കറ്റിൽ ഒരു മുട്ടയും ഇടാം… ഇന്താ..’ എന്ന കമന്റ് ചർച്ചാവേദിയിൽ ചിരിപടർത്തി പ്രശ്നം പരിഹരിച്ചു. ബജറ്റ് വായന വേളയിൽ വൈകിയെത്തിയ വനിതാ അംഗത്തിന് ചർച്ചാവേളയിൽ ഒരേ ഒരു കര്യമാണ് പറയാനുണ്ടായിരുന്നത്. ‘ബജറ്റ് മുഴുവനും കേട്ടില്ല പക്ഷേ എങ്ങനെയെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കണം, കലക്ടറുടെ വരൾച്ചാ ദുരിത പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്നുറപ്പായില്ലേ പഞ്ചായത്ത് തന്നെ നടപടിയെടുത്തേ പറ്റൂ.’ അഭിപ്രായത്തിന് തെളിവായി ഒരു കാര്യം കൂടി ചേർത്തു ‘വെള്ളമില്ല വെള്ളം കോരാൻ പോയതിനാലാണ് വൈകിയെത്തേണ്ടിവന്നത്’ ഇത്രയും കേട്ടതോടെ വേനൽചൂടിനെ വെല്ലുന്ന ചൂടൻ ചർച്ചകൾ സജീവമായി…