മുന്നറിയിപ്പ് അവഗണിച്ചു ; ഇരുപത്താറാം മൈൽ പാലം വീണ്ടും അപകടത്തിൽ..

മുന്നറിയിപ്പ് അവഗണിച്ചു ; ഇരുപത്താറാം മൈൽ പാലം വീണ്ടും അപകടത്തിൽ..

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കാഞ്ഞിരപ്പള്ളി- എരുമേലി സംസ്ഥാന പാതയിലെ ഇരുപത്താറാം മൈൽ പാലം അടിയന്തിരമായി പുതുക്കിപ്പണിയണമെന്നു പരിശോധന നടത്തിയ വിദഗ്ധ കമ്മറ്റി കഴിഞ്ഞ വര്ഷം നിർദേശം നടത്തിയിട്ടും, പാലത്തിന്റെ തൂണുകൾ താത്കാലികമായി ബലപ്പെടുത്തുക മാത്രമാണ് അധികൃതർ ചെയ്തത്. എന്നാൽ പാലത്തിൽ വീണ്ടും ഗർത്തം രൂപപെട്ടതോടെ പാലം വീണ്ടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സെപറ്റംബർ മാസത്തിൽ പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കിയപ്പോൾ പാലം പുനർനിർമിക്കുന്നതിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ പൊതുമരാമത്ത് ചീഫ് എൻജിനീയറോട് മന്ത്രി ജി.സുധാകരൻ നിർദേശിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ പാലം സന്ദർശിക്കുകയുംചെയ്തു. എന്നാൽ കഴിഞ്ഞ വർഷം ശബരിമല സീസൺ അടുത്തതിനാൽ പാലത്തിന്‍റെ തൂണുകൾക്ക് അറ്റകുറ്റ പണികൾ നടത്തി പാലം ബലപ്പെടുത്തുവാനും, സീസൺ കഴിയുമ്പോൾ പാലം പുനർ നിർമ്മിക്കുവാനും തീരുമാനം എടുത്തിരുന്നുവെങ്കിലും പിന്നീട് ആ കാര്യം എല്ലാവരും സൗകര്യപൂർവം മറക്കുന്നതാണ് കണ്ടത്.

ഇന്നലെ പാലത്തിൽ സാമാന്യം വലിയ ഒരു കുഴി ഉണ്ടായതായി കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥരെത്തി കുഴിയുടെ ഉൾഭാഗം പൊള്ളയാണോയെന്നു പരിശോധിച്ചു. പിന്നീട്, രാത്രിയോടെ പാറമടയിലെ മക്ക് നിരത്തി കുഴി അടയ്ക്കുകയും ഗതാഗതം പുനഃസ്ഥപിക്കുകയും ചെയ്തു. രണ്ടു വർഷം മുന്പ് സമാനമായ തരത്തിൽ ഗർത്തം രൂപപെട്ടതിനെ തുടർന്ന് നാട്ടുകാർ പാലം ബലവത്താക്കണം എന്നാവശ്യപ്പെട്ടു റോഡ്‌ ഉപരോധം നടത്തിയിരുന്നു.

അടിയന്തിരമായി പാലം സുരക്ഷിതമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളണന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.