രാത്രിയിൽ വെളിച്ചമില്ലാതെ 26–ാം മൈൽ ജംക്​ഷൻ

കാഞ്ഞിരപ്പള്ളി ∙ എരുമേലി റോഡിലെ 26–ാം മൈൽ ജംക്‌ഷൻ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകും. ജംക്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന സോഡിയം വേപ്പർ ലാംപ് തെളിയാത്തതാണ് കാരണം. ദേശീയപാത 183ൽ നിന്ന് ഏരുമേലിയിലേക്കു തിരിയുന്ന പ്രധാന ജംക്‌ഷനാണ് 26–ാം മൈൽ. ഇവിടെ മുണ്ടക്കയം, ഏരുമേലി ഭാഗത്തേക്കു യാത്ര ചെയ്യാൻ ഒട്ടേറെ ആളുകൾ ബസ് കാത്തുനിൽക്കുന്ന ജംക്‌ഷനാണ് സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാകുന്നത്.

തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് ജംക്‌ഷനിലൂടെ കടന്നുപോകുന്നത്. മണ്ഡല കാലത്ത് നടന്നു വരുന്ന ശബരിമല തീർഥാടകർക്കും ജംക്‌ഷനിലെ ഇരുട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണ്ഡലകാലത്ത് ഇവിടെ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്കും വെളിച്ചമില്ലാത്തതു ദുരിതമായിരിക്കുകയാണ്. രാത്രി എട്ടുവരെ ജംക്‌ഷനിലെ കടകളിൽനിന്നുള്ള വെളിച്ചമാണ് ഇവിടെ യാത്രക്കാർക്ക് ആശ്രയം.

കടകൾ അടച്ചുകഴിഞ്ഞാൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്. കിഴക്കൻ മേഖലയിൽനിന്നു ദേശീയപാതയിലൂടെ എത്തുന്ന യാത്രക്കാർ 26–ാം മൈലിൽ ഇറങ്ങിയാണ് എരുമേലി ബസുകളിൽ കയറുന്നത്. ഏരുമേലി ഭാഗത്തു നിന്നെത്തുന്ന ബസുകളിൽ വരുന്ന മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രക്കാരും ജംക്‌ഷനിൽ ഇറങ്ങിയാണ് ബസ് കാത്തു നിൽക്കുന്നത്.

കൂടാതെ എരുമേലി റോഡിൽ പ്രവർത്തിക്കുന്ന മേരി ക്വീൻസ് ആശുപത്രിയിൽ എത്തുന്നവരിൽ ഏറെപ്പേരും 26–ാം മൈലിലാണ് ബസിറങ്ങുന്നതും തിരികെ മടങ്ങാൻ ബസ് കാത്തു നിൽക്കുന്നതും. ജംക്‌ഷനിൽ ഉടൻ വെളിച്ചമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.