പി.പി.റോഡില്‍ ഇന്നലെ മൂന്നു വാഹനാപകടങ്ങള്‍..

പി.പി.റോഡില്‍ ഇന്നലെ മൂന്നു വാഹനാപകടങ്ങള്‍..

പൊൻകുന്നം : പാലാ-പൊന്‍കുന്നം റോഡില്‍ ഇന്നലെ മൂന്ന് വാഹനാപകടങ്ങള്‍. ഇളങ്ങുത്തും , കൂരാലിയിലും, പനമറ്റത്തും ആയിരുന്നു ഇന്നലെ ഒരു ദിവസം തന്നെ വിവിധ അപകടങ്ങൾ നടന്നത്.

ഇളങ്ങുളം രണ്ടാംമൈലിനു സമീപം കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ച തൊടുപുഴ മഠത്തില്‍ കണ്ടത്തില്‍ ജോര്‍ജ്(74), ഡ്രൈവര്‍ തൊടുപുഴ മാറാട്ടില്‍ക്കുന്നേല്‍ റഷീദ് എന്നിവര്‍ക്കാണ് പരിക്ക്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്ന് പൊന്‍കുന്നം ഭാഗത്തേക്കു വരികയായിരുന്ന കാറിനു കുറുകെ പനമറ്റത്തേക്ക് പെട്ടെന്ന് വാന്‍ തിരിഞ്ഞു കയറിയപ്പോഴാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

പി.പി.റോഡില്‍ കൂരാലി കവലയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് തനിയെ ഉരുണ്ടു വന്ന കാറിടിച്ചു. എതിര്‍വശത്ത് സ്റ്റേറ്റ് ബാങ്കിനു സമീപം ചെറിയ ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുമ്പോട്ടുരുണ്ടു ഷോപ്പിംഗ് കോംപ്ലക്‌സിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു നില്‍ക്കുകയായിരുന്നു. ഈ കാര്‍ വന്നിടിച്ച് നിര്‍ത്തിയിട്ടിരുന്ന കാറിന് സാരമായ കേടുപാടുണ്ട്.

ഇന്നലെ പുലര്‍ച്ചെ പനമറ്റം നാലാംമൈല്‍ കവലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പനകേന്ദ്രത്തിലേക്ക് ലോറി നിയന്ത്രണം തെറ്റി പാഞ്ഞു കയറി. ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ഷോറൂം വളപ്പിന്റെ കൈവരികളും തകര്‍ന്നു. ലോറി നിര്‍ത്താതെ പോയി. പോലീസും നാട്ടുകാരും ഉടന്‍ തന്നെ പിന്തുടര്‍ന്നെങ്കിലും ലോറി കണ്ടെത്താനായില്ല.