40 ഡിഗ്രി ചൂടിൽ ഉരുകി കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ∙ വേനൽ ചൂടിൽ മലയോര മേഖല ഉരുകുന്നു. പകൽ കൊടുംചൂടാണ്. കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് 22 ഡിഗ്രിയും. വേനൽ കടുത്തതോടെ ജലജന്യ രോഗങ്ങളും പടർന്നു തുടങ്ങി. വയറിളക്കം, ഛർദി, പനി എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വേനൽക്കാലത്ത് ജലജന്യരോഗങ്ങൾ പടരാൻ തുടങ്ങിയതോടെ മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് സാധാരണ മലയോര മേഖലയിൽ വേനൽക്കാലത്ത് ഉണ്ടാകാറുള്ളത്.

മലിനജല ഉപയോഗവും കൊതുകുകളും ഈച്ചകളുമാണ് രോഗങ്ങൾ പരത്തുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ഡോക്ടർമാർ പറയുന്നു. തണുത്ത വെള്ളം, പഴകിയ ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ഭക്ഷണങ്ങളിൽ ഈച്ചയും മറ്റ് പ്രാണികളും കയറാതിരിക്കാൻ ശ്രദ്ധിക്കുക. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. രോഗങ്ങൾക്ക് പുറമേ ജലക്ഷാമവും രൂക്ഷമായി. മലയോര മേഖലയുടെ മിക്ക പ്രദേശങ്ങളിലെയും ജലസ്രോതസുകൾ വറ്റി. എല്ലാ വറുതിയിലും മലയോര മേഖലയിൽ ദുരിതങ്ങളേറെയാണ്.

രൂക്ഷമായ ജലക്ഷാമം, വെയിലേറ്റ് വാടിക്കരിയുന്ന കൃഷികൾ, പുരയിടങ്ങളിലും തോട്ടങ്ങളിലും പുകപ്പുരകളിലും തീപിടിത്തം തുടങ്ങി മലയോര മേഖല വേനലിൽ അനുഭവിക്കുന്ന ദുരിതങ്ങളേറെയാണ്. ടൗണിൽ ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ കഴിയാത്തവിധം ഉഷ്ണവും ചൂടുമാണ്. ചൂടേറിയ സമയങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ ഇരിക്കാൻ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്. വെയിൽ കനത്തു കഴിഞ്ഞാൽ ഇരുചക്ര വാഹനങ്ങളും വഴിയിൽ കുറവാണ്.

യാത്രക്കാരുടെ ദാഹമകറ്റാൻ പാതയോരങ്ങളിൽ താൽക്കാലിക ശീതള പാനീയ കടകൾ സജീവമായി. പാതയോരങ്ങളിൽ തണൽമര ചുവടുകളിലാണ് താൽക്കാലിക കടകൾ സ്ഥാപിച്ചിരിക്കുന്നത്. കരിക്ക്, തണ്ണിമത്തൻ, നാരങ്ങാവെള്ളം, കരിമ്പിൻ ജ്യൂസ്, കുലുക്കി സർബത്ത് തുടങ്ങി ഡ്രാഗൺ ഫ്രൂട്ട് വരെ കൊല്ലം –തേനി ദേശീയ പാതയോരത്ത് യഥേഷ്ടമാണ്. ഇത്തരം താൽക്കാലിക കടകൾ ഉൾപ്പെടെ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിലെ വെള്ളം പരിശോധനാ വിധേയമാക്കണമെന്നും ശുചിത്വം ഉറപ്പു വരുത്താൻ ആരോഗ്യ വകുപ്പ് പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു.