പേട്ടതുള്ളൽ, ചന്ദനക്കുടം ദിവസങ്ങളിൽ ഗതാഗതം നിരോധിക്കില്ല, ക്രമീകരണം മാത്രം

എരുമേലി ∙ പാതകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുള്ള ചടങ്ങുകൾ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പേട്ടതുള്ളൽ, ചന്ദനക്കുടം ദിവസങ്ങളിൽ ഗതാഗത നിരോധനത്തിനു പകരം ഗതാഗത ക്രമീകരണങ്ങൾ മാത്രം. ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷയ്ക്കുമായി നിലവിലുള്ളതിനു പുറമെ 250 പൊലീസുകാരെക്കൂടി എരുമേലിയിൽ നിയോഗിക്കും.

കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള 20 പൊലീസുകാരും ഇന്നലെ മുതൽ ഡ്യൂട്ടി ആരംഭിച്ചു. കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് എരുമേലിയിൽ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ പാതകളിൽ വാഹന നിരോധനത്തിനു പകരം ക്രമീകരണം ഏർപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പേട്ടതുള്ളൽപാതയിൽ ഒരുവശത്തുകൂടി വാഹനങ്ങൾക്കു കടന്നുപോകാൻ സൗകര്യം ഒരുക്കുമെന്നു സിഐ ടി.ഡി. സുനിൽകുമാർ അറിയിച്ചു.

ഇക്കാര്യം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുമായി പൊലീസ് ചർച്ച ചെയ്തു. തിരക്കേറുന്നതനുസരിച്ചു സമാന്തരപാതകളും ഉപയോഗിക്കും. കാഞ്ഞിരപ്പള്ളിയിൽനിന്നു റാന്നി ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു കരിമ്പിൻതോട് വഴി പോകാനാവും. എന്നാൽ ഒരു വാഹനവും തടയുകയില്ലെന്നു പൊലീസ് അറിയിച്ചു.

ഗതാഗത ക്രമീകരണം കുറ്റമറ്റതാക്കാൻ നിലവിലുള്ള 450 പൊലീസുകാർക്കു പുറമെ 250 പേരെക്കൂടി നിയോഗിക്കുമെന്നു ജമാ അത്ത് ഓഫിസിൽ നടന്ന യോഗത്തിൽ ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് റഫീക് അറിയിച്ചു. ഇതോടെ നഗരത്തിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.