ചിറക്കടവ് പഞ്ചായത്തിലെ മികച്ച പ്രതിഭകളെ ആദരിച്ചു.. വികാരനിർഭരമായ നിമിഷങ്ങൾക്കു സദസ്സ് സാക്ഷ്യം വഹിച്ചു ..

ചിറക്കടവ്  പഞ്ചായത്തിലെ മികച്ച പ്രതിഭകളെ ആദരിച്ചു.. വികാരനിർഭരമായ നിമിഷങ്ങൾക്കു  സദസ്സ്  സാക്ഷ്യം വഹിച്ചു ..

പൊൻകുന്നം : മിനി സിവിൽ സ്റ്റേഷന്റെ സമര്‍പ്പണത്തോട് അനുബന്ധിച്ച് ചിറക്കടവ് പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവു തെളിയിച്ച 25 പേരെ സമ്മേളന നഗരിയിൽ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് പൊന്നാട അണിയിച്ചു ആദരിച്ചു. പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്നവരും, തങ്ങളുടെ പ്രതിഭകൾക്ക് പുതിയ തലമുറയിൽ നിന്നും വേണ്ടുന്ന വിധത്തിൽ പരിഗണ കിട്ടാതിരുന്നവരുമായ പലരും, വേദിയിൽ വച്ച് പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങിയ സമയത്തു വികാരനിർഭരിതരായി.

മുപ്പത്തിയാറു വര്ഷങ്ങളായി പൊൻകുന്നം ടൗണിൽ പത്രവിതരണം നടത്തിയിരുന്ന രാധചേച്ചിയെ എം എൽ എ ഡോ. എൻ ജയരാജ് പൊന്നാട അണിയിച്ചപ്പോൾ അവർ ആനന്ദാശ്രുക്കൾ പൊഴിച്ചു. പ്രായാധിക്യം കൊണ്ട് കഷ്ടത അനുഭവിക്കുന്ന പൊൻകുന്നത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായ തോമസ് ഒരപ്പാഞ്ചിറയെ പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ വിങ്ങിപ്പൊട്ടി. ഇതിനോടകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ, ബേബിച്ചൻ ഏർത്തയിൽ, സ്വന്തം നാട്ടുകാരുടെ മുൻപിൽ വച്ച് ലഭിച്ച ആദരവിന്‌ കൂടുതൽ വില കൽപ്പിക്കുന്നതായി പറഞ്ഞു . ദേശീയ അധ്യാപക അവാർഡ് നേടിയ ഡി വിശ്വംഭരൻ, തന്റെ ശിഷ്ട ജീവിതം നാടിന്റെ ഉന്നമനത്തിനായി ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു . പൊൻകുന്നം ടൗണിൽ ദീർഘകാലം ബീഡി തുറുപ്പു നടത്തിയിരുന്ന കുഞ്ഞാലികുട്ടി തനിക്കു കിട്ടിയ ആദരവ് അത്ഭുതത്തോടെയാണ് സ്വീകരിച്ചത്.

ഗായകനും നടനുമായ കെ പി എ സി രവി, ശ്രീഹരി ആശുപത്രിയുടെ സ്ഥാപകൻ ഡോ. സി പി എസ് പിള്ള, അധ്യാപക ദേശീയ അവാർഡ് നേടിയ ഡി. വിശ്വംഭരൻ , ഗിന്നസ് റെക്കോർഡ് നേടിയ ജയാ പ്രസാദ്, ഗ്രന്ഥകാരനും വാഗ്മിയുമായ ബേബിച്ചൻ ഏർത്തയിൽ , കവയത്രിയായ മായ സതീഷ്, എം വി ജയപ്രകാശ്, പരമേശ്വരൻ സർ, സംഗീതജ്ഞനും സംഗീത അദ്ധ്യാപകനുമായ പൊൻകുന്നം രാമചന്ദ്രൻ, എ. ആർ. കുട്ടപ്പൻ നായർ, ഗോപാലകൃഷ്ണൻ നായർ ( അപ്പു ആശാൻ) , ആദ്യകാല പ്രവാസിയായ ടി കെ ഗോപിനാഥൻ നായർ , തങ്കപ്പൻ നായർ, ബേബി എം മാരാർ, സുകുമാരൻ നായർ, തബല വിദഗ്ദൻ പൊൻകുന്നം ലാൽ, ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായ തോമസ് ഒരപ്പാഞ്ചിറ , പാലിയേറ്റിവ് പ്രവർത്തക ലീല ശ്രീകുമാർ, ആദ്യകാല ഗുമസ്തൻ രാഘവൻ നായർ, ആദ്യകാല ഡ്രൈവർ പി കെ സെയ്തു മുഹമ്മദ് , മുപ്പത്തിയാറു വര്ഷം പത്രവിതരണം നടത്തിയ രാധാമണി, ദീർഘകാലം ബീഡി തുറുപ്പു നടത്തിയിരുന്ന കുഞ്ഞാലികുട്ടി, സാമൂഹിക പ്രവർത്തക രാധാമണി ടീച്ചർ, ദീർഘകാലം ഓട്ടോറിക്ഷ ഡ്രൈവർ ആയി ജോലി ചെയ്തുവരുന്ന ജോർജ് തോമസ്, ദീർഘകാലം ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്തുവരുന്ന ചന്ദ്രമോഹൻ മുതലായവരെയാണ് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് പൊന്നാട അണിയിച്ചു ആദരിച്ചത്.

കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു പ്രതിഭകളെ ആദരിക്കൽ ചടങ്ങു സംഘടിപ്പിച്ചത്.

ഡോ. എന്‍ ജയരാജ് എം എ. എ, ബിന്ദു സന്തോഷ്, മോഹന്‍ റാം, മോളികുട്ടി തോമസ്, സ്മിതാ ലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.