കണ്ണീർമഴത്ത് ആദിത്യനും ഓർമ്മയായി..തേങ്ങലോടെ നാട് വീണ്ടും ഒന്നിച്ചുകൂടി ..

കണ്ണീർമഴത്ത്  ആദിത്യനും ഓർമ്മയായി..തേങ്ങലോടെ നാട് വീണ്ടും ഒന്നിച്ചുകൂടി ..

മുണ്ടക്കയം / കോരുത്തോട് : പഴനി അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മധുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യന്റെ (11) മൃതദേഹം കോരുത്തോട്ടിലെ പാറയിൽ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു . ഇന്നു രാവിലെ പത്തരയ്ക്കായിരുന്നു സംസ്കാരം നടന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ വമ്പിച്ച ജനാവലി കോരുത്തോട്ടിൽ എത്തിയിരുന്നു. ആന്റോ ആന്റണി എം പി സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ജിനു– മായ ദമ്പതികളുടെ ഇളയമകനായ ആദിത്യൻ സാരമായി പരുക്കേറ്റു മധുര രാജാജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു എങ്കിലും വെള്ളിയാഴ്ച ശരീരം പ്രതികരിച്ചതോടെ ആദിത്യൻ ജീവിതത്തിലേക്കു തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. എന്നാൽ പ്രതീക്ഷകളെ തല്ലികെടുത്തികൊണ്ടു ആദിത്യനും മരണത്തിനു കീഴടങ്ങുകയായിരുന്നു.

അപകടത്തിൽ മരിച്ച പി.ആർ. ശശി (62), ഭാര്യ വിജയമ്മ (59), ചെറുമകൻ അഭിജിത്ത്(12), ശശിയുടെ സഹോദരി ലേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ് (52), മകൻ മനു (27), ബന്ധുവായ സജിനി (53) എന്നിവരുടെ സംസ്കാരത്തിനു ശേഷം ജിനുവും ഭാര്യ മായയും മധുരയിൽ ആദിത്യന്റെ അടുത്തേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഇവർ ആശുപത്രിയിലെത്തി. രാത്രി പത്തു മണിയോടെയാണ് ആദിത്യന്റെ മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടിയത്. രാത്രി എട്ടരയോടെ മൃതദേഹം കോരുത്തോട്ടിലെ വീട്ടിലെത്തിച്ചു. കോരുത്തോട് സികെഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.