ആനക്കൊമ്പുകളും നാടൻ തോക്കുമായി ഓട്ടോ ഡ്രൈവർ പിടിയിൽ ; ആദിവാസികൾ ഉൾപ്പെടെ വൻ സംഘം പിന്നിൽ..

ആനക്കൊമ്പുകളും നാടൻ തോക്കുമായി ഓട്ടോ ഡ്രൈവർ പിടിയിൽ ;  ആദിവാസികൾ ഉൾപ്പെടെ വൻ സംഘം പിന്നിൽ..

എരുമേലി : ആനക്കൊമ്പു കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാൾ ആനക്കൊമ്പുകളും നാടൻ തോക്കുമായി പിടിയിലായി. ആദിവാസികൾ ഉൾപ്പെടെയുള്ള മറ്റു സംഘാംഗങ്ങൾ ഒളിവിൽ, പോലീസും വനപാലകരും തിരച്ചിൽ തുടങ്ങി

ഗവിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകൾ അഞ്ചു ലക്ഷം രൂപ കച്ചവടം ഉറപ്പിച്ച് വിൽക്കാൻ ഓട്ടോ ഡ്രൈവറും സംഘവും കൊണ്ടുവന്നത് വേഷം മാറിയെത്തിയ വനപാലകൻറ്റെ അടുക്കൽ. മറഞ്ഞിരുന്ന വനപാലക സംഘം ഇവരെ പിടികൂടാൻ ഓടിയെത്തിയപ്പോൾ വിൽപന സംഘത്തിലെ പ്രധാനി കൈവശമുണ്ടായിരുന്ന പിച്ചാത്തി ഉദ്യോഗസ്ഥർക്ക് നേരെ വീശി ഓടിരക്ഷപെട്ടു. ആനക്കൊമ്പുകളും ഒരു നാടൻ ഒറ്റക്കുഴൽ തോക്കും പിടികൂടി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് അഞ്ച് പേർക്കായി തിരച്ചിലാരംഭിച്ചു.

ഇന്നലെ എരുമേലിയിൽ വലിയമ്പലത്തിന് സമീപം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലാണ് ആനക്കൊമ്പ് വിൽപന സംഘം വനപാലകരുടെ വലയിലായത്. മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് യൂണിറ്റ് കൺവീനറുമായ ആശപ്പൻ എന്ന് വിളിക്കപ്പെടുന്ന കുറ്റിയിൽ വീട്ടിൽ മഹേഷ് (32) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്ക് നിർമാതാവ് ഇടകടത്തി സ്വദേശി മടുക്കക്കാലായിൽ രാജൻ ആണ് പിച്ചാത്തി കാട്ടി ഓടി രക്ഷപെട്ടത്.

സംഘത്തിലെ മറ്റുളളവരിൽ ഓട്ടോ ഡ്രൈവറുടെ സുഹൃത്തും വാഹന കച്ചവടക്കാരനുമായ മുട്ടപ്പളളി പുതുപ്പറമ്പിൽ സാൽവിൻ (35), ചാത്തൻതറ സ്വദേശി പാറക്കൂട്ടത്തിൽ മോഹനൻ, ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി യുവാവ് എന്നിവരാണ് ഒളിവിലായത്.

ഗവി വനമേഘലയിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണെന്ന് പറഞ്ഞ് വനത്തിലെ ആദിവാസി യുവാവാണ് സംഘത്തിന് കൊമ്പുകൾ വിൽപനക്കായി തന്നതെന്ന് അറസ്റ്റിലായ പ്രതി വനപാലകരോട് പറഞ്ഞു. കൊമ്പുകൾക്ക് പത്ത് കിലോഗ്രാം ഭാരമുണ്ട്. 20 വയസ് പ്രായമുളള ആനയുടേതാണ് കൊമ്പുകളെന്ന് സംഘത്തിനെ നാടകീയമായി കുടുക്കിയ പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജീഷ് പറഞ്ഞു.

കത്തി കാട്ടി ഓടി രക്ഷപെട്ട രാജൻറ്റെ വീട്ടിൽ നിന്നാണ് കൊമ്പുകളും തോക്കും കണ്ടെടുത്തത്. വിൽപനക്കുളള ഇടനിലക്കാരായിരുന്നു സംഘത്തിലെ മറ്റുളളവർ. മുമ്പ് തോക്ക് നിർമാണ കേസിൽ പിടിയിലായിട്ടുളള ആളാണ് രാജൻ. മുക്കൂട്ടുതറയിലെ ചില പ്രമുഖർക്ക് സംഘവുമായി അടുത്ത ബന്ധമുളളതിനാൽ ഇവരുടെ ഇടപാടുകളും അന്വേഷിച്ചുവരികയാണ. കൊമ്പുകൾ നൽകിയ ആദിവാസിയെ പിടികൂടാൻ വനത്തിൽ പ്രത്യേക സംഘം തിരച്ചിലാരംഭിച്ചിട്ടുണ്ട്. മറ്റ് പ്രതികൾ മുക്കൂട്ടുതറ കെഒറ്റി റോഡ്, മുട്ടപ്പളളി,ചാത്തൻതറ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന.

പ്രതികളെ ഒരു മാസമായി വനനാലക സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തേക്കടി ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫിസർ ജ്യോതിഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നിരീക്ഷണം.കൊമ്പുകൾക്ക് അഡ്വാൻസ് തുക നൽകാനെന്ന വ്യജേനെ റേഞ്ച് ഓഫിസർ ജ്യോതിഷിൻറ്റെ നേതൃത്വത്തിൽ ഫ്ലയിംഗ് സ്ക്വാഡിലെ അംഗങ്ങൾ മഫ്തിയിൽ എരുമേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

അനിൽ, കെ ബി രാജേഷ്, കെ അനിൽകുമാർ, സനീഷ്, എൻ ശ്രീകുമാർ, ജി മഹേഷ്, കെ പി ലജികുമാർ എന്നിവരുൾപ്പെട്ട വനപാലക സംഘമാണ് അന്വേഷണം നടത്തിയത്.

ആനക്കൊമ്പുകളും നാടൻ തോക്കുമായി ഓട്ടോ ഡ്രൈവർ പിടിയിൽ ; ആദിവാസികൾ ഉൾപ്പെടെ വൻ സംഘം പിന്നിൽ..