കാഞ്ഞിരപ്പള്ളിയിൽ എബിസി കേബിൾ പദ്ധതി പുരോഗമിക്കുന്നു; വൈദ്യുതി തടസ്സത്തിനു ശ്വാശത പരിഹാരം

കാഞ്ഞിരപ്പള്ളിയിൽ എബിസി കേബിൾ പദ്ധതി പുരോഗമിക്കുന്നു; വൈദ്യുതി തടസ്സത്തിനു ശ്വാശത പരിഹാരം

കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ കുന്നുംഭാഗം മുതൽ 20-ാം മൈൽ വരെയുള്ള ഭാഗം ആധുനിക സാങ്കേതികവിദ്യയിലുള്ള എബിസി (ഏരിയൽ ബഞ്ചിങ് കേബിൾ) സ്ഥാപിക്കുന്ന കെഎസ്ഇബി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. പദ്ധതി പൂർത്തിയാകുന്നതോടെ വൈദ്യുതി തടസ്സമില്ലാതെയാകും എന്നാണ് പ്രതീക്ഷിക്കുന്നത് . പ്രസരണ നഷ്ടമുണ്ടാകില്ല. പതിവായുള്ള അറ്റകുറ്റപ്പണികൾ വേണ്ടിവരില്ല എന്നതാണ് മുഖ്യ പ്രയോജനങ്ങൾ .

നിലവിലുള്ള 11 കെവി ലൈനിനു പകരമാണ് എബിസി സ്ഥാപിക്കുന്നത്. കേന്ദ്ര പദ്ധതിയായ ദീനദയാൽ ഉപാധ്യായ ഗ്രാമീൺ ജ്യോതി യോജന (ഡിഎഡിയുജിജെവൈ)യിൽ നിന്ന് 1.67 കോടി രൂപ മുടക്കിയാണ് നടപ്പിലാക്കുന്നത്.

കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ടിബി റോഡ് വഴി കുന്നുംഭാഗത്തെത്തി ദേശീയപാതയിലൂടെ 20-ാം മൈൽ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമാണ് കേബിളാക്കുന്നത്. 25 മീറ്റർ അകലത്തിൽ തൂണുകൾ സ്ഥാപിച്ച് അവയിലൂടെയാണ് കേബിൾ വലിക്കുന്നത്. തൂണുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ദേശീയപാതയിലെ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാകാതിരിക്കുന്നതിനായി തൂണുകളുടെ എണ്ണം കുറച്ച് ഉയരക്കൂടുതലുള്ള തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സബ്സ്റ്റേഷൻ മുതൽ കുന്നുംഭാഗം ഗവ. സ്‌കൂൾ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തും 20-ാം മൈലിൽ അരക്കിലോമീറ്റർ ദൂരത്തിലും കേബിൾ വലിച്ചുകഴിഞ്ഞു. കേബിളിൽനിന്നും എംവിടി സംവിധാനത്തിലൂടെയാണ് ട്രാൻസ്‌ഫോമറിലേക്കു വൈദ്യുതി എത്തിക്കുന്നത്. ഈ മാസം 30നു മുൻപായി പദ്ധതി പൂർത്തിയാക്കും.

ദേശീയപാതയിൽ തൂണുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് പദ്ധതി പൂർത്തിയാക്കുന്നത് വൈകാൻ കാരണം. നിർമാണം പൂർത്തിയായശേഷം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടേഴ്‌സിന്റെ പരിശോധന പൂർത്തിയാക്കി കേബിൾ ഓണത്തിനു മുൻപായി പ്രവർത്തന സജ്ജമാക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

നിലവിലെ 11 കെവി ലൈൻ കേബിൾ വഴിയാകുന്നതോടെ ഇത്രയും ഭാഗത്തെ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി തടസ്സമില്ലാതെ മുഴുവൻ സമയവും എത്തിക്കാനാകും. പ്രസരണ നഷ്ടമുണ്ടാകില്ല. അറ്റകുറ്റപ്പണികൾ വേണ്ടിവരില്ല. ജനറൽ ആശുപത്രി, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം തീരെ കുറവായിരിക്കും. അടുത്തഘട്ടമായി ഗ്രാമീണ മേഖലകളിലേക്കു പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.