മംഗലാപുരത്ത് ലോക്കഡൗണിൽ കുടുങ്ങിയ അഭിമന്യു രണ്ടു മാസത്തിനു ശേഷം ആംബുലൻസിൽ നാട്ടിൽ തിരികെയെത്തി; ബിജെപി പ്രവര്‍ത്തകർ കൈത്താങ്ങായി..

മംഗലാപുരത്ത്  ലോക്കഡൗണിൽ കുടുങ്ങിയ അഭിമന്യു രണ്ടു മാസത്തിനു ശേഷം  ആംബുലൻസിൽ  നാട്ടിൽ തിരികെയെത്തി; ബിജെപി പ്രവര്‍ത്തകർ കൈത്താങ്ങായി..


പൊൻകുന്നം : ഇന്റര്‍വ്യുവിൽ പങ്കെടുക്കുവാൻ ലോക്കഡൗണിനു തൊട്ടു മുൻപ് മംഗലാപുരത്ത് എത്തിയ അഭിമന്യു, നാട്ടിലേക്ക് തിരിച്ചു പോകുവാൻ പറ്റാതെ അവിടെ കുടുങ്ങിയത് രണ്ടു മാസം രണ്ട് മാസം നീണ്ട അനിശ്ചിതത്തിനൊടുവിൽ അഭിമന്യു മംഗലാപുരത്ത് നിന്നും നാട്ടിലെത്തി. അതും ആംബുലൻസിൽ. പൊൻകുന്നം, ചെറുവള്ളി, കാവുംഭാഗം, പാലക്കൽ വീട്ടില്‍ ശശിധരന്റെയും അനിതയുടെയും മകന്‍ അഭിമന്യുവാണ് കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും ആംബുലന്‍സിൽ നാട്ടിലെത്തിയത്.

മാര്‍ച്ച് 29ന് ഇന്റര്‍വ്യുവിൽ പങ്കെടുക്കുവാൻ മംഗലാപുരത്തെ കദ്രി എന്ന സ്ഥലത്ത് എത്തിയതാണ് അഭിമന്യു. തൊട്ടുപുറകെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാല്‍ ഇന്റര്‍വ്യുവിൽ പങ്കെടുക്കുവാനോ നാട്ടിലേക്ക് തിരികെ പോരുവാനോ സാധിച്ചില്ല. സുഹൃത്തിനൊപ്പം ഇത്രയും ദിവസം അവിടെ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്താൻ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ചിറക്കടവിലെ ബിജെപി
പ്രവർത്തകരോട് സഹായം അഭ്യർത്ഥിച്ചത് . വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അറിയിച്ചു. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാലിന്റെ നേതൃത്വത്തില്‍ യാത്രാ പാസിനുള്ള ശ്രമം നടത്തിക്കൊണ്ട് വാഹനത്തിൽ കൂട്ടിക്കൊണ്ടുവരുവാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.

ഇതിനിടയിൽ ഒരു ആംബുലൻസ് തരപ്പെട്ടു. ആംബുലൻ സിന്റെ ചിലവ് ബിജെപി വഹിക്കാമെന്ന് ഏറ്റതോടെ പ്രതിസന്ധിക്ക് പരിഹാരമായി. അറുനൂറ് കിലോമീറ്ററുകൾ ആംബുലൻസിൽ താണ്ടി കഴിഞ്ഞ ദിവസം അഭിമന്യു നാട്ടിലെത്തി. വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് അഭിമന്യു ഇപ്പോൾ . അറുപത് ദിവസത്തെ നരകയാതനക്ക് ശേഷം നാട്ടിലെത്തിച്ചതിന് ബിജെപി പ്രവർത്തകരോട് നന്ദി വാക്കുകളിൽ ഒതുക്കാതെ പങ്കുവയ്ക്കുകയാണ് അഭിമന്യുവും കുടുംബവും.