വാർഡ് മെമ്പർ സുബിൻ സലിം മുന്നിട്ടിറങ്ങി; ഏഴാം വാർഡിൽ ഹൈടെക് എസി അംഗൻവാടി യാഥാർഥ്യമായി

വാർഡ് മെമ്പർ സുബിൻ സലിം മുന്നിട്ടിറങ്ങി; ഏഴാം  വാർഡിൽ  ഹൈടെക് എസി അംഗൻവാടി യാഥാർഥ്യമായി

വാർഡ് മെമ്പർ സുബിൻ സലിം മുന്നിട്ടിറങ്ങി, ഒപ്പം സുമനസ്സുകളും നാട്ടുകാരും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യ എസി ഹൈടെക് അംഗൻവാടി യാഥാർഥ്യമായി

കാഞ്ഞിരപ്പള്ളി : കിട്ടുന്ന താലന്തുകൾ ഇരട്ടിയായി വർധിപ്പിക്കുമ്പോഴാണ് ഒരാളുടെ കഴിവുകൾ പുറത്തറിയുന്നത്. തന്റെ വാർഡിൽ ലഭിക്കുന്ന പരിമിതമായ ഫണ്ടുകൾ ഉപയോഗിച്ച് അതിന്റെ ഇരട്ടിയോളം ചെലവ് വരുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നത് വഴി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡ്അംഗം സുബിൻ സലിം നാടിനു മാതൃകയാവുകയാണ്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഒരു സാധാരണ അംഗൻവാടി നിർമ്മിക്കുവാനുള്ള ഫണ്ട് മാത്രമാണ് ലഭിച്ചത്. കൂടാതെ GST വന്നതോടെ അനുവദിക്കപ്പെട്ടതിൽ നിന്നും പതിനെട്ടു ശതമാനത്തോളം കിഴിവും വന്നു. എന്നാൽ വാർഡ്അംഗം സുബിൻ സലിം മുന്നിട്ടിറങ്ങിയപ്പോൾ നാട്ടുകാരും സുമനസ്സുകളും ഒപ്പം ചേർന്നപ്പോൾ മനോഹരമായ ആധുനിക നിലവാരത്തിൽ എസി യോടുകൂടിയ ഒരു അംഗൻവാടി യാഥാർഥ്യമായി . ഇനി കുട്ടികൾക്ക് ആടിപ്പാടി എസിയുടെ തണുപ്പിൽ സുഖമായി ഇരുന്നു പഠനം നടത്തുവാൻ സാധിക്കും.

നിലവിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒറ്റമുറിയിൽ വാടക കെട്ടിടത്തിലാണ് 69–ാം നമ്പർ അംഗൻവാടി പ്രവർത്തിക്കുന്നത്. വനിതാ-ശിശു ക്ഷേമ വകുപ്പ് അനുവദിച്ച 8.70 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതം 5.80 ലക്ഷം രൂപയും ഉൾപ്പടെ 14.50 ലക്ഷം രൂപയാണ് സ്ഥലം വാങ്ങുന്നത് ഉൾപ്പെടെ പുതിയ ഒരു അംഗൻവാടി നിർമ്മിക്കുവാൻ അനുവദിക്കപ്പെട്ടത്.
GST കിഴിവ് കൂടി വരുമ്പോൾ 18% പിന്നെയും കുറയും. ആ ഫണ്ട് ഉപയോഗിച്ച് സാധാരണ ഉണ്ടാക്കുന്നത് പോലെ 300 ചതുരശ്ര അടിയിൽ ഒരു തട്ടിക്കൂട്ട് കെട്ടിടം ഉണ്ടാക്കുവാൻ മാത്രമേ സാധിക്കൂ.

എന്നാൽ ഒന്നാംമൈൽ മിനി മിൽ റോഡരികിൽ കൊല്ലകുളം കെ.എ.ജോസ് സൗജന്യമായി മൂന്നു സെന്റ് സ്ഥലം നൽകാമെന്ന് സമ്മതിച്ചതിയോടെ സുബിന്റെ മനസ്സ് നിറഞ്ഞു . ആ സ്ഥലത്താണ് കിട്ടിയ ഫണ്ട് മുഴുവനും , കൂടാതെ നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചതും ഉൾപ്പെടെ ഉപയോഗിച്ച് ആധുനിക നിലവാരത്തിലുള്ള അങ്കണവാടി നിർമിച്ചിരിക്കുന്നത്. 751 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ക്ലാസ് മുറി കൂടാതെ ഓഫിസ്, അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി എന്നിവയുമുണ്ട്. ചുവരുകൾ നിറയെ വർണ ചിത്രങ്ങൾ വരച്ചിരിക്കുകയാണ്. എസിയുടെ കുളിർമ്മയിൽ കുട്ടികൾക്ക് ആസ്വദിച്ചു പഠനം നടത്തുവാൻ സാധിക്കും.. കുട്ടികൾക്കു കളിക്കുവാനുള്ള ഏറ്റവും നല്ല തരത്തിലുള്ള സമഗ്രഹികളും ഉടൻതന്നെ കൊണ്ടുവരുന്നുണ്ട്.

സ്ഥലം വിട്ടുനൽകിയ കൊല്ലകുളം കെ.എ.ജോസിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പിതാവ് അലക്‌സ് ഏബ്രഹാമിന്റെ സ്മരണാർഥമുള്ള പേര് അംഗൻവാടിക്കു നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചയി സുബിൻ സലിം അറിയിച്ചു.

ഉദ്‌ഘാടനം ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ ജയരാജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ. രാജേഷ്, വാർഡംഗം സുബിൻ സലീം തുടങ്ങിയവർ പ്രസംഗിക്കും.