പൊൻകുന്നത്ത് പണിയ്ക്കിടെ മതിലിടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു

പൊൻകുന്നത്ത് പണിയ്ക്കിടെ  മതിലിടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു

പൊൻകുന്നം: ശാന്തി ആശുപത്രിപ്പടിക്കുസമീപം കെട്ടിടസമുച്ചയത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ ഗോപാൽപുർ സ്വദേശി മൻസൂർ അലിയുടെ മകൻ ജക്കീർ ഹൊസൈൻ(21), ജയ്പാപുരി കുച്ച്ബിഹാർ ഉഗാർഅലിയുടെ മകൻ റബ്ബാനി മിയ(23) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട 4.15-ന് മഴ തുടങ്ങിയപ്പോൾ നിർമിച്ച മതിൽ നനയാതിരിക്കാൻ മുകളിൽ കയറി പടുതകെട്ടാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെ മതിൽ നെടുനീളം പതിക്കുകയായിരുന്നു. ജക്കീറും റബ്ബാനിയും താഴെ നിന്ന് ജോലിയിലായിരുന്നു. ഇരുവരുടെയും ദേഹത്തേക്കാണ് കോൺക്രീറ്റ് കട്ടയും മണ്ണും വീണത്. ഇരുവരും പൂർണമായും ഇതിനടിയിൽ പെട്ടു. പത്തടിയോളം ഉയരത്തിൽ നിർമിച്ച ഭിത്തിയാണു ഇടിഞ്ഞു വീണത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഉറയ്ക്കാത്ത ഭിത്തിയുടെ മുകളിലേക്ക് തിരക്കിട്ട് കയറിയപ്പോഴാണ് ഇടിഞ്ഞുവീണതെന്നു കരുതുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപെട്ടതിനാൽ പരിക്കില്ല. പൊൻകുന്നം പോലീസെത്തി മേൽനടപടി സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഞായറാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും.