ഹൈക്കോടതി ഉത്തരവ് : അഡ്വ. സിബി ചേനപ്പാടി അ‍ഞ്ചേരി ബേബി വധക്കേസിൽ വീണ്ടും പബ്ലിക് സ്പെഷൽ പ്രോസിക്യൂട്ടർ

ഹൈക്കോടതി ഉത്തരവ് :  അഡ്വ. സിബി ചേനപ്പാടി അ‍ഞ്ചേരി ബേബി വധക്കേസിൽ   വീണ്ടും പബ്ലിക് സ്പെഷൽ പ്രോസിക്യൂട്ടർ

കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് സിബി ചേനപ്പാടി വിവാദമായ അ‍ഞ്ചേരി ബേബി വധക്കേസിൽ വീണ്ടും പബ്ലിക് സ്പെഷൽ പ്രോസിക്യൂട്ടർ ആയി തുടരുവാൻ ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി എം.എം.മണിയും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ഉൾപ്പെട്ട അ‍ഞ്ചേരി ബേബി വധക്കേസിൽ മുൻ സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയെ പിരിച്ചുവിട്ട നടപട ഹൈക്കോടതി റദ്ദാക്കി. കേസിൽ ഇദ്ദേഹത്തിനു പ്രോസിക്യൂഷൻ നടത്താം. സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റി പകരം എൻ.കെ. ഉണ്ണികൃഷ്ണനെ നിയമിച്ചതിനെതിരെ അഞ്ചേരി ബേബിയുടെ സഹോദരൻ ജോർജ് സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.

1982 നവംബര്‍ പതിമൂന്നാംതിയ്യതിയാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. 2012 മെയ് 25ന് മണക്കാട്ടുെവച്ച് എം.എം.മണി നടത്തിയ വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ എം.എം.മണി ഉള്‍െപ്പടെ പ്രതിപ്പട്ടികയിൽ ഉണ്ട് . 2013 ജൂലായ് ഏഴിന് യു.ഡി.എഫ്. സർക്കാരാണ് സിബി ചേനപ്പാടിയെ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ ഒരു വര്ഷം മുൻപ് അയ്യന്തോൾ സ്വദേശി എൻ.കെ.ഉണ്ണിക്കൃഷ്ണനെ പുതിയ പ്രോസിക്യൂട്ടർ ആയി നിയമിക്കുകയായിരുന്നു.

സ്പെഷൽ പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്നും രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ പിരിച്ചുവിട്ടതു നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. മുൻസർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ നല്ല നിലയ്ക്കു കേസ് നടത്തിവന്നതാണെന്നും രാഷ്ട്രീയ പ്രേരിതമായാണു പിരിച്ചുവിട്ടതെന്നും ഹർജിഭാഗം ആരോപിച്ചു. ഭരണത്തിലുള്ള രാഷ്ട്രീയപാർട്ടിയോട് അനുഭാവമുള്ളയാളെയാണു പകരം നിയമിച്ചതെന്നും ആരോപിച്ചു. എന്നാൽ ഒരു പാർട്ടിയോട് അനുഭാവമുള്ള മുൻപ്രോസിക്യൂട്ടർക്കു സ്വതന്ത്രവും നീതിയുക്തവുമായി കേസ് നടത്താനാവില്ലെന്നു തോന്നിയതിനാലാണു മാറ്റിയതെന്നു സർക്കാർ അറിയിച്ചു.

വിവാദ കേസിൽ തന്നെ നേരത്തെ പബ്ലിക് സ്പെഷൽ പ്രോസിക്യൂട്ടർ ആക്കിയപ്പോൾ വധ ഭീഷണി ഉൾപ്പെടെ പല വിധത്തിലുള്ള ഭീഷണികൾ ലഭിച്ചിരുന്നുവെന്നും, അതിനാൽ പോലീസ് പ്രൊട്ടക്ഷൻ തനിക്കു ഉണ്ടായിരുന്നുവെന്നും അഡ്വ സിബി ചേനപ്പാടി പറഞ്ഞു .