എകെജെഎം എൻഎസ്എസ് യൂണിറ്റിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു

എകെജെഎം എൻഎസ്എസ് യൂണിറ്റിനെ  കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു

കാഞ്ഞിരപ്പള്ളി : പഞ്ചായത്തിൽ മികച്ച സാമൂഹിക പ്രവർത്തനങ്ങൾ കാഴ്ചവച്ച എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിനെ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു. ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിനോടൊപ്പം പഞ്ചായത്തന്റെ യുവരക്തമായ, വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന റിജോ വാളന്തറയും ചേർന്നതോടെ എകെജെ എം സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ഓജസ്സും തേജസ്സും വർദ്ധിച്ചിരുന്നു.

പഞ്ചായത്തിലെ ആശ്രയ പദ്ധതിപ്രകാരമുള്ള വീടു നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്, നിർധന കുടുംബങ്ങൾക്കു വീടു വയ്ക്കുന്നതിന് തലച്ചുമടായി നിർമാണ വസ്തുക്കളെത്തിച്ചതിനും, നിർധനരായ വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചതിനുമാണ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനെ ആദരിച്ചത്.

പതിനെട്ടാം വാർഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തിലാണ് എൻഎസ്എസ് യൂണിറ്റ് വാർഡിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചത്.
ഞള്ളമറ്റം വാർഡ് എന്ന പതിനെട്ടാം വാർഡ് എ കെ ജെ എം സ്‌കൂൾ ദത്തെടുത്തിരുന്നു. എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വാര്‍ഡിലെ നിര്‍ധനരായ 40 ലേറെ കുട്ടികള്‍ക്ക് 1500 രൂപയോളം വരുന്ന പഠനോപകരണ കിറ്റുകള്‍ സൗജന്യമായി ഇവര്‍ നല്‍കി. മെംബറിന്റെയും സ്‌കൂളിലെ എന്‍.എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇതിനായി പണം സ്വരൂപിച്ചത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷനടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതേ വിദ്യാര്‍ഥികള്‍ പങ്കാളികളായി. അവധി ദിവസങ്ങളിലാണ് വാര്‍ഡിലെ കുട്ടികള്‍ക്ക് എകെജെമ്മി ലെ വിദ്യാര്‍ഥികള്‍ സൗജന്യ ട്യൂഷന്‍ നല്‍കുന്നത്.

റിജോ വാളന്തറയോടൊപ്പം തല ചായ്ക്കാന്‍ ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആശ്രയ പദ്ധതിപ്രകാരമുള്ള നാല് വീടുകള്‍ക്ക് തലച്ചുമടായി എൻഎസ്എസ് യൂണിറ്റ് നിർമ്മാണവസ്തുക്കളെത്തിച്ചു സഹായിച്ചത് വലിയ വാർത്തയായിരുന്നു . പ്ലാസ്റ്റിക് നിര്‍മാജന ബോധവത്കരണം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയിലും അവർ മുൻപന്തിയിലായിരുന്നു. വാര്‍ഡിലെ വൃദ്ധസദനമായ അഭയഭവനില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നും കുട്ടികൾ കാരുണ്യത്തിന്റെ മഹത്വം മനസ്സിലാക്കി.

പഞ്ചായത്തിന്റെ കേരളപ്പിറവി ആഘോഷവേളയിൽ ഡോ. എൻ. ജയരാജ് എംഎൽഎ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്‌ജെയ്ക്ക് ഉപഹാരം സമർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ ജോജോ ജോസഫ്, സഞ്ജു ജോൺ, ബിനു മാത്യു, എൻഎസ്എസ് പ്രവർത്തകർ എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.