എ.കെ.ജെ.എം. സ്‌കൂളിൽ ഫിഫാ ഷാഡോ മോഡൽ സോക്കര്‍ ടൂര്‍ണമെന്റ്..

എ.കെ.ജെ.എം. സ്‌കൂളിൽ  ഫിഫാ ഷാഡോ മോഡൽ സോക്കര്‍ ടൂര്‍ണമെന്റ്..

കാഞ്ഞിരപ്പള്ളി : പി സി ജോർജ് എം എൽ എ കിക്ക് ഓഫ് ചെയ്തതോടെ എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ഫിഫാ വേള്‍ഡ് കപ്പ് മോഡൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ആവേശപ്പെരുമയിൽ ഇന്ന് നടന്ന മത്സരത്തിൽ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തോൽപ്പിച്ചു.

സ്‌പോര്‍ട്‌സിനോട് കുട്ടികള്‍ക്കുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഫിഫോ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളോട് കുട്ടികള്‍ക്കുള്ള താത്പര്യവും കണക്കിലെടുത്താണ് സ്‌കൂളിൽ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ എം.എൽ.എ. ശ്രീ പി.സി. ജോര്‍ജ്ജ് കിക്ക് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. എ.കെ.ജെ.എം. സ്‌കൂള്‍ നടത്തിയ ലോകകപ്പു മാതൃകയിലുള്ള ഫുട്‌ബോള്‍ മാമാങ്കം ഏവര്‍ക്കും മാതൃകയാണെന്നും ഫുട്‌ബോളിനോടുള്ള താത്പര്യം ജനങ്ങളിൽ വര്‍ദ്ധിപ്പിക്കുന്നതിന് ഇതു സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ഷാജു ജോസ് മുഖ്യ അതിഥിയായിരുന്നു. വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ വന്ന എട്ടു ടീമുകളായ ഫ്രാന്‍സ്, ഉറുഗ്വോയ്, ബ്രസീൽ, ബൽജിയം, റഷ്യ, ക്രോയേഷ്യ, സ്വീഡന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് സ്‌കൂളിൽ നിന്നും എട്ടു ടീമുകള്‍ മത്സരത്തിനെത്തി. ഓരോ ടീമിനെയും അതാതു രാജ്യത്തിന്റെ ദേശീയഗാനത്തോടെയാണ് സ്വീകരിച്ചത്. ഫിഫാ വേൾഡ് കപ്പിന്റെ തീംസോങ്ങിനോടൊപ്പം വിവിധ വര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ കുട്ടികള്‍ നൃത്തം വച്ചു.

ആദ്യ മത്സരത്തിൽ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബൽജിയത്തെ തോൽപ്പിച്ചു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും സാക്ഷിനിര്‍ത്തി നടത്തിയ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികളിൽ ആവേശം ഉണര്‍ത്തി.

സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാ.വിന്‍ അഗസ്റ്റിന്‍ എസ്.ജെ. സ്വാഗതം ആശംസിച്ചു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ ജോഷി അഞ്ചനാട്ട്, വൈസ് പ്രസിഡന്റ് ശ്രീ സുനിൽ എ., എം.പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി ഷീജാ ഗോപിദാസ്, വൈസ് പ്രസിഡന്റ് ശ്രീമതി എലിസബത്ത് വി. വര്‍ഗ്ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ മാത്യു ഡോമിനിക് കരിപ്പാപ്പറമ്പിൽ, സെക്രട്ടറി ശ്രീ റ്റോമി കരിപ്പാപ്പറമ്പിൽ എന്നിവർ സന്നിഹതരായിരുന്നു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. കൃതജ്ഞത അര്‍പ്പിച്ചു.