അമൽജ്യോതിയിൽ ടെക്‌നിക്കൽ ഫെസ്റ്റ്, ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും

കാഞ്ഞിരപ്പള്ളി ∙ നൂതനാശയങ്ങൾ കണ്ടെത്തുകയും പ്രായോഗിക പഥത്തിലെത്തിക്കുകയുമാണ് എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് എപിജെ അബ്‌ദുൽ കലാം കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് അഭിപ്രായപ്പെട്ടു.

കേരള സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന പ്രഥമ ടെക്‌നോളജിക്കൽ കോൺഗ്രസ് – കെറ്റ്‌കോ 2016ന്റെയും കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്‌ഥിതി കൗൺസിലിന്റെയും (കെഎസ്‌സിഎസ്‌ടിഇ) ആഭിമുഖ്യത്തിൽ നടക്കുന്ന ടെക്‌നിക്കൽ ഫെസ്‌റ്റിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ്‌മുറികളിലൊതുങ്ങേണ്ടതല്ല ഇന്നത്തെ ഉന്നത വിദ്യാഭ്യാസം. വിദ്യാർഥികൾ ചിന്തയുടെ വാതായനങ്ങൾ തുറന്ന് രാജ്യപുരോഗതിക്കാവശ്യമായ കണ്ടെത്തലുകൾ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമൽജ്യോതി കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. കെഎസ്‌സിഎസ്‌ടിഇ ജോയിന്റ് ഡയറക്‌ടർ ഡോ. വി. അജിത് പ്രഭു, കെടിയു പ്രോ വൈസ് ചാൻസിലർ ഡോ. എം. അബ്‌ദുൽ റഹ്‌മാൻ, അഡ്വൈസർ റിസർച് ഡോ. ജോബ് കുര്യൻ, വിഎസ്‌എസ്‌സി മുൻ ഡപ്യൂട്ടി ഡയറക്‌ടർ പ്രഫ. ആർ.എ.ഡി. പിള്ള, ആർഐടി പ്രിൻസിപ്പൽ പ്രഫ. റൂബി ഏബ്രഹാം, ഓർഗനൈസിങ് സെക്രട്ടറി ഡോ. ജിപ്പു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ഇന്നു വൈകിട്ട് നാലിന് നടത്തുന്ന സമാപന സമ്മേളനത്തിൽ കെടിയു വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി. ഐസക്കിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപന സന്ദേശവും അവാർഡ് ദാനവും നിർവഹിക്കും.