ഏഴ് വയസുകാരൻ അമ്പാടിയുടെ അപ്രതീക്ഷിത വേർപാട് നാടിനു നൊമ്പരമായി

ഏഴ് വയസുകാരൻ  അമ്പാടിയുടെ അപ്രതീക്ഷിത വേർപാട് നാടിനു നൊമ്പരമായി

എരുമേലി : ഇന്നലെ വരെ ഉല്ലാസത്തോടെ കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചു നടന്നിരുന്ന അമ്പാടി എന്ന ഏഴ് വയസുകാരൻ കൊച്ചുമിടുക്കന്റെ അപ്രതീക്ഷിത വിയോഗം എരുമേലി മറ്റന്നൂർക്കര നിവാസികൾക്ക് വേദനിക്കുന്ന ഓർമയായി. മറ്റന്നൂർക്കര ലക്ഷം വീട് കോളനി അജയവിലാസത്തിൽ അജയൻ – ഷിംന ദമ്പതികളുടെ ഏക മകനായ അഭിനവ് (അമ്പാടി) നെടുങ്കാവുവയൽ ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. യാത്രയൊരു ആരോഗ്യ പ്രശ്ങ്ങളും ഇല്ലാതിരുന്ന അമ്പാടിക്ക് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് പെട്ടന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പെട്ടെന്നുതന്നെ അത്യാസന്ന നിലയിലായ കുട്ടിയെ വേഗത്തിൽ കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ചു വെന്റിലേറ്ററിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം വരെ അമ്പാടിക്ക് ശാരീരിക അസ്വസ്ഥതകളൊന്നും ഇല്ലായിരുന്നെന്ന് ബന്ധുക്കളും അധ്യാപകരും പറയുന്നു. ഇന്നലെ രാവിലെ അഞ്ച് മണിക്ക് ഉണർന്ന് ടി വി യിൽ അവനിഷ്‌ടപ്പെട്ട പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന് ശേഷം കിടന്നുറങ്ങിയ അമ്പാടിയെ ആറ് മണിയോടെ വിളിച്ചുണർത്തുമ്പോഴാണ് അവന് സംസാരിക്കാൻ കഴിയാതെ തളർച്ചയും കടുത്ത ക്ഷീണവും മൂലം അബോധാവസ്ഥയിലെന്ന പോലെയായതെന്ന് വേദനയോടെ ബന്ധുക്കൾ പറയുന്നു. പെട്ടന്ന് തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില അപകടകരമായി മാറിയെന്നും കുട്ടികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. ഉടൻ തന്നെ ആംബുലൻസിൽ കാഞ്ഞിരപ്പള്ളി 26 മൈൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടയത്തെ ത്ത് ശിശുരോഗ ചികിത്സാ കേന്ദ്രമായ ഇഎസ്ഐ ആശുപത്രിയിൽ എത്തിക്കുകയാണ് ഉചിതമെന്ന് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു വെന്റിലേറ്ററിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.