അന്പിളി ഫാത്തിമയുടെ ഓർമകളിൽ എരുമേലി വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ വിതുന്പി…

എരുമേലി : അന്പിളി ഫാത്തിമയുടെ ജീവൻ രക്ഷിക്കുവാൻ അന്പിളി എരുമേലിയിൽ വച്ച് പഠിച്ചിരുന്ന വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ ഒരു ദിവസം കൊണ്ട് പിരിച്ചു ഉണ്ടാക്കി കൊടുത്ത ഒന്നരലക്ഷം രൂപക്കും ആ ജീവൻ പിടിച്ചു നിർതുവാനായില്ല.

വാവർ മെമ്മോറിയൽ സ്കൂളിൽ നേരിട്ടെത്തി അമ്പിളി ഫാത്തിമ വാങ്ങിയ ആ ചുവന്നു തുടുത്ത റോസാപ്പൂക്കൾ ഇനി കുട്ടികളുടെ ഓർമയിലെ മിഴിനീർപ്പൂക്കളാണ്. നാട്ടിലെ ഓരോ വ്യാപാരശാലയിലും കയറിയിറങ്ങി അവർ ഏതാനും മണിക്കൂറുകൾ കൊണ്ടു സ്വരുക്കൂട്ടിയ തുക വാങ്ങുമ്പോഴും അമ്പിളിയുടെ കണ്ണുകളിൽ ജീവിതത്തിനു നേരെ തുറന്നുപിടിച്ച പ്രത്യാശ കുട്ടികൾ വായിച്ചെടുത്തിരുന്നു.

അമ്പിളിയെ മരണം കീഴടക്കിയതറിഞ്ഞ് നാടിനൊപ്പം വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികളും അടങ്ങാത്ത സങ്കടത്തിലാണ്. അമ്പിളിയുടെ ചികിൽസയ്ക്കായി നാടെങ്ങും സാമ്പത്തിക സമാഹരണം നടക്കുന്ന കാലത്ത് എരുമേലി വാവർ മെമ്മോറിയൽ സ്കൂൾ കുട്ടികൾ ഒറ്റദിവസം പല ഗ്രൂപ്പുകളായി തിരിഞ്ഞ് കടകളിലും മറ്റും കയറിയിറങ്ങി. തുടർന്ന് എരുമേലി ടൗൺ ജമാ അത്ത് നൽകിയ തുകയും ഉൾപ്പെടുത്തി ഒന്നരലക്ഷം രൂപ കൈമാറുകയായിരുന്നു.

തുക വാങ്ങാൻ അമ്പിളി നേരിട്ട് എത്തിയപ്പോൾ നൂറുകണക്കിനു കുട്ടികൾ റോസാപ്പൂക്കളുമായി കാത്തുനിന്നു. ഓരോരുത്തരും നൽകിയ റോസാപ്പൂക്കൾ അവളുടെ ദീർഘജീവിതത്തിനുള്ള ആശംസകളായിരുന്നു. എന്നാൽ അമ്പിളി എന്നെന്നേക്കുമായി മടങ്ങിയെന്നറിഞ്ഞതോടെ അവരെല്ലാം അതിരില്ലാത്ത ദുഃഖത്തിലാണ്.

അന്പിളി ഫാത്തിമയുടെ ഓർമകളിൽ എരുമേലി വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ വിതുന്പി…