അന്പിളി ഫാത്തിമയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാനാര്‍ഥികൾ

കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥികള്‍ അമ്പിളി ഫാത്തിമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം കണ്ടെത്തിയ ശേഷമാണ് ഇലക്ഷന്‍ പ്രചരണം നടത്തിയത്.

അമ്പിളി ഫാത്തിമയുടെ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജ് അതിനുശേഷം പൊന്‍കുന്നത്തും പാലായിലും കെ.എം. മാണിക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ കടയനിക്കാട് കോയിപ്രം ഭാഗത്ത് രണ്ട് കുടുംബമീറ്റിംഗുകളില്‍ പങ്കെടുത്താണ് തിങ്കളാഴ്ചത്തെ പര്യടന പരിപാടി നടത്തിയത്.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി.ബി.ബിനു പള്ളിക്കത്തോട് പഞ്ചായത്തിലായിരുന്നു തിങ്കളാഴ്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ അമ്പിളി ഫാത്തിമയുടെ വീട്ടിലും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ അറിയാവുന്ന ചില കുടുംബങ്ങളിലെയും മരണവീടുകളില്‍ എത്തി അനുശോചനം അറിയിച്ച് പര്യടന പരിപാടി ചുരുക്കുകയായിരുന്നു.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കറുകച്ചാല്‍ പഞ്ചായത്ത് എന്‍.ഡി.എ. ഓഫീസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി വി.എന്‍. മനോജ്, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്ക്കല്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, അഡ്വ. നോബിള്‍ മാത്യു, കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്തംഗം രാധികാ മേനോന്‍, എന്‍.ഡി.എ. ചെയര്‍മാന്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓഫീസ് ഉദ്ഘാടനത്തിനുശേഷം കറുകച്ചാലിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു. പി.സി. തോമസ്, നോബിള്‍ മാത്യു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വൈകീട്ട് മണിമല പഞ്ചായത്തിലെ മുക്കടയിലെ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ എത്തിയാണ് തിങ്കളാഴ്ച പര്യടനം പൂര്‍ത്തിയാക്കിയത്.