രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്ക്

രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: ദേശീയ പാത 183 ല്‍ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയ്ക്ക് സമീപം രോഗിയുമായി പോയ ഒമ്‌നി ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു. മുക്കൂട്ടുതറ അസീസി ആശുപത്രിയുടെ ആംബുംലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹൃദ്രോഗിയായ മുക്കൂട്ടുതറ സ്വദേശി പുത്തന്‍തറ മുരളീധരനു (81) മായി ഒക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ആംബുലൻസ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത് .

ശനിയാഴ്ച വൈകിട്ട് 6.40 നാണ് അപകടം. ആംബുലന്‍സിന്റെ ഡ്രൈവര്‍ ആന്റണി (28), മുരളീധരന്റെ ഭാര്യ പൊന്നമ്മ (75), മകന്‍ ബിജു (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ കാലൊടിഞ്ഞു. പരുക്കേറ്റ മുരളീധരനെ 26 ാം മൈല്‍ മേരീക്യൂന്‍സ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഈരാറ്റുപേട്ട ആശുപത്രിയിലെത്തിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെത്തിയ അഗ്നിശമന സേനയും, പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എസ്.ഐ. എ. എസ്. അന്‍സില്‍, ലീഡിങ് ഫയര്‍മാര്‍ കെ. കെ. സുരേഷ്, ഫയര്‍മാന്‍മാരായ സനല്‍, മനോജ് നാരായണന്‍, എം.എ. വിഷ്ണു, എസ്. ആര്‍. വിഷ്ണു, മോഹന്‍, ടി. എ. ഗോപകുമാര്‍, ടി. കെ. സന്തോഷ്, അനീഷ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.