ആനക്കല്ല് – പൊടിമറ്റം റോഡിൽ ദുരിതമീ യാത്ര

ആനക്കല്ല് ∙ ആനക്കല്ല് – പൊൻമല – പൊടിമറ്റം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. ഹൈറേഞ്ചിൽനിന്നു ദേശീയപാത വഴി എത്തുന്ന വാഹനങ്ങളിൽ ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു കാ‍ഞ്ഞിരപ്പള്ളി, പൊൻകുന്നം ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കടന്നു പോകാൻ കഴിയുന്ന ബൈപാസ് റോഡാണു തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നു കിഴക്കൻ മേഖലയിലേക്കു പോകേണ്ട വാഹനങ്ങൾക്കു കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ആനക്കല്ലിൽനിന്നു തിരി‍ഞ്ഞു പൊടിമറ്റത്തു ദേശീയപാതയിൽ പ്രവേശിക്കാം.

മൂന്നു വർഷം മുമ്പു ടാർ ചെയ്ത റോഡിലെ ടാറിങ് തകർന്നു കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്ത് 1.40 കോടി രൂപ വിനിയോഗിച്ചു വീതി കൂട്ടി വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിനു കുറവുണ്ടായിരുന്നു. ഇപ്പോൾ ടാറിങ് പൊളിഞ്ഞു റോഡ് നശിച്ചതോടെ ഇതുവഴി വാഹനങ്ങൾ കടന്നു പോകാൻ മടിക്കുകയാണ്.

സമീപ പ്രദേശങ്ങളിലെ ക്വാറികളിൽനിന്നുള്ള ടോറസ് ലോറികൾ അമിത ലോഡ് കയറ്റി ഇതുവഴി പോകുന്നതാണു റോഡ് വേഗത്തിൽ തകരാൻ ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു. സ്കൂൾ സമയങ്ങളിൽ പൊലീസിന്റെ ശ്രദ്ധയിൽപെടാതിരിക്കാൻ ടിപ്പർ ലോറിക്കാർ തിരഞ്ഞെടുത്തിരിക്കുന്ന വഴികളിലൊന്നാണിത്. ദിവസേന അൻപതിലധികം ഭാരവാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്.

തകർന്ന റോഡിലൂടെയുള്ള വാഹനത്തിരക്കു കുറഞ്ഞതോടെ രാത്രികാലങ്ങളിൽ ഇവിടെ മാലിന്യനിക്ഷേപം പതിവായെന്നും നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം 15 ചാക്കുകളിലായി പച്ചക്കറി മാലിന്യം റോഡിൽ തള്ളിയിരുന്നു. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങളടക്കം വഴിയരികിൽ തള്ളുന്നതു സമീപവാസികൾക്കും യാത്രക്കാർക്കും ദുരിതമായി. റോഡ് പുനരുദ്ധരിച്ചു ഗതാഗതയോഗ്യമാക്കി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം