പ്രളയത്തിൽ തകർന്ന റോഡുകൾ അടിയന്തിരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു എയ്ഞ്ചൽവാലിയിൽ 12 ന് യുഡിഎഫ് ധർണ

പ്രളയത്തിൽ തകർന്ന  റോഡുകൾ അടിയന്തിരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു എയ്ഞ്ചൽവാലിയിൽ 12 ന് യുഡിഎഫ് ധർണ

കണമല : . പ്രളയത്തിൽ ശബരിമല പാതയിലെ എയ്ഞ്ചൽവാലി പാലവും അപ്രോച്ച് റോഡുകളും അഴുത പാലവും തകർന്നത് പുനർനിർമിക്കാതെയാണ് ശബരിമല ക്രമീകരണങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്ന് കിഴക്കൻ മേഖലാ യുഡിഎഫ് നേതൃത്വം പത്രസമ്മേളനത്തിൽ ആരോപിച്ചു. പമ്പാവാലിയിൽ യുഡിഎഫ് സർക്കാർ അനുവദിച്ച പട്ടയങ്ങൾ എൽഡിഎഫ് സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു. ഈ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 12 ന് വൈകിട്ട് അഞ്ചിന് ധർണയും പ്രകടനവും പ്രതിഷേധമായി എയ്ഞ്ചൽവാലിയിൽ നടത്തുമെന്ന് കിഴക്കൻ മേഖലാ യുഡിഎഫ് നേതൃത്വം പത്രസമ്മേളനത്തിൽ അറിയിച്ചു.

പട്ടയം ലഭിച്ച ശേഷം കരം അടച്ചവരിൽ നിന്നും തുടർന്ന് കരം സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ 500 ൽ പരം പേരുടെ പട്ടയങ്ങൾ വിതരണം ചെയ്യാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുണ്ടക്കയം – കോരുത്തോട് വഴിയെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന സമാന്തര പാതയാണ് പ്രളയത്തിൽ തകർന്നത്. അഴുത, എയ്ഞ്ചൽവാലി പാലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശവാസികളോട് എൽഡിഎഫ് സർക്കാർ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പി ജെ സെബാസ്റ്റ്യൻ, ആന്റണി ആലപ്പാട്ട്, സാബു കാലാപറമ്പിൽ, വർഗീസ് കാരുവള്ളിൽ, മാത്യു ജോസഫ്, ബിജു കായപ്ലാക്കൽ, വത്സമ്മ തോമസ്, ജോസഫ് പനപ്പറമ്പിൽ, മോഹനൻ പുതുപ്പറമ്പിൽ, ജോസഫ് നായ്പ്പുരയിടത്തിൽ എന്നിവർ പങ്കെടുത്തു.

പി സി ജോർജ് വാക്ക് പാലിക്കണം.

കണമല : കിഴക്കൻ മേഖലയിൽ പമ്പയാറിന്റെ മറുകര എത്താൻ ഒരു കോസ്‌വെയും ചെക്ക്ഡാമും നിർമിക്കുമെന്ന വാഗ്ദാനം പി സി ജോർജ് എംഎൽഎ പാലിക്കണമെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ ഇതിനായി 15 കോടി അനുവദിച്ചെന്നാണ് എംഎൽഎ പ്രഖ്യാപിച്ചത്. എന്നാൽ ഒരുവർഷമായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു.