ഏഞ്ചൽവാലി വടംവലി മത്സരം ഞായറാഴ്ച – ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന തുക നൽകും

ഏഞ്ചൽവാലി വടംവലി മത്സരം ഞായറാഴ്ച  – ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന തുക നൽകും

എരുമേലി : പ്രസിദ്ധമായ ഏഞ്ചൽവാലി വടംവലി മത്സരം ഞായറാഴ്ച നടക്കും. എല്ലാ വർഷവും നടക്കുന്ന വടംവലിയിൽ കാഷ് അവാർഡിനു പുറമേ സമ്മാനങ്ങളായി മുട്ടനാടും പൂവൻകോഴിയുമൊക്കെ ഉണ്ടായിരുന്നു. ഒപ്പം സദ്യയും. എന്നാൽ
പ്രളയം തകർത്ത ഏഞ്ചൽവാലി ഇത്തവണ വടംവലിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കാൻ വേണ്ടി.

പ്രളയകാലത്ത് ഏഞ്ചൽവാലിയെ നാട് കൈമെയ് മറന്നു സഹായിച്ചതിന്റെ പ്രത്യുപകാരമായി നാടിന്റെ വികസനത്തിന് ഏഞ്ചൽവാലിയുടെ എളിയ സംഭാവനയായി നാളെ സമാഹരിക്കുന്ന തുകയുടെ സർക്കാരിന് സമർപ്പിക്കും. നാളെ വൈകിട്ട് അഞ്ചിന് ഏഞ്ചൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് സ്കൂൾ മൈതാനത്തു വടംവലി നടക്കും. കഴിഞ്ഞ ഓണക്കാലത്തു നടത്താനിരുന്ന വടംവലി പ്രളയക്കെടുതിമൂലം മാറ്റിവയ്ക്കുകയായിരുന്നു.

എല്ലാ വർഷവും നടക്കുന്ന വടംവലിയിൽ കാഷ് അവാർഡിനു പുറമേ സമ്മാനങ്ങളായി മുട്ടനാടും പൂവൻകോഴിയുമൊക്കെ ഉണ്ടായിരുന്നു. ഒപ്പം സദ്യയും. എന്നാൽ ഇത്തവണ കാഷ് അവാർഡ് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വടംവലിയോടനുബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പിൽ നിന്നും സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന സംഭാവനപ്പെട്ടിയിൽനിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്കു നൽകും. കാഷ് അവാർഡ് ലഭിക്കുന്ന ടീമുകൾ തുകയുടെ വിഹിതം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

ഒന്നാം സമ്മാനമായി ഫാ. മാത്യു വടക്കേമുറി സ്മാരക ട്രോഫിയും 15001 രൂപയും ലഭിക്കും. മറ്റു സ്ഥാനങ്ങൾ നേടുന്നവർക്കും തുകയും ട്രോഫിയും ലഭിക്കും. ഓഗസ്റ്റിൽ നടന്ന പ്രളയത്തിൽ പമ്പാനദി കരകവിഞ്ഞൊഴുകി ഏഞ്ചൽവാലി പാലവും സമീപനപാതയും തകർന്നിരുന്നു. വീടുകളിൽ വെള്ളം കയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.