പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ചിത്രപ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ്

പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ചിത്രപ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ്

ചെങ്ങളം : തന്റെ മകൾ ലോകം അറിയുന്ന ചിത്രകാരിയാക്കി മാറുന്നത് കാണണമെന്ന ആഗ്രഹം പൂർത്തീകരിക്കാനാവാതെ തടത്തിൽ സാബു സ്തെനിസ്ലാവോസ് ഈ ലോകത്തോട് വിടപറഞ്ഞു പോയെങ്കിലും, മകൾ അനു അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി അഞ്ചരമാസത്തെ കഠിനപ്രയത്നത്തിലൂടെ ക്യാൻവാസിലാക്കിയ 266 മാർപാപ്പമാരുടെ ചിത്രങ്ങളുടെ പ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ് എന്ന പ്ലസ് വൺ വിദ്യാർഥിനി ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ചെങ്ങളം സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിൽ പ്ലസ് വൺ കംപ്യൂട്ടർ വിദ്യാർഥിനിയാണ് അനു.

കഴിഞ്ഞ ജൂണിലാണു തടത്തിൽ പരേതനായ സാബു സ്തെനിസ്ലാവോസ്-ജെൻസി ദമ്പതികളുടെ മകൾ അനു മാർപാപ്പമാരുടെ ചിത്രങ്ങൾ വർണത്തിൽ ചാലിച്ചെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞമാസം 20നു രചന പൂർത്തിയാക്കി പ്രദർശനത്തിനൊരുക്കുകയായിരുന്നു.

സഭയുടെ ആദ്യ മാർപാപ്പ വിശുദ്ധ പത്രോസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ളവരുടെ ചിത്രങ്ങൾ ക്രമമായാണു വരച്ചിരിക്കുന്നത്. വരച്ചതെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ മിഷൻ ലീഗ് ആണ് ചിത്രപ്രദർശനം ഒരുക്കിയത്.
പെൻസിൽ ഡ്രോയിങ് ഏറെ ഇഷ്ടപ്പെടുന്ന ഇൗ കൊച്ചുകലാകാരി ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ചിത്രങ്ങൾ വരച്ചുതുടങ്ങി.

പ്രോത്സാഹനവുമായി പൊലീസായിരുന്ന പിതാവും കൂടെയുണ്ടായിരുന്നു. തിടനാട് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ ഹൃദയാഘാതത്താൽ പിതാവിനെ നഷ്ടമായതോടെ മാതാവും ഇളയസഹോദരൻ അമലും മാത്രമായി തുണ. വരുമാനം പിതാവിന്റെ പെൻഷൻ തുക മാത്രമായതോടെ ചിത്രകലയിൽ കൂടുതൽ പഠനങ്ങളും അസാധ്യമായി.

പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ചിത്രപ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ്