വിധിയെ വെല്ലുവിളിച്ച വിവേകിന് വിജയത്തിളക്കം..

വിധിയെ വെല്ലുവിളിച്ച വിവേകിന് വിജയത്തിളക്കം..

കാളകെട്ടി: അകക്കണ്ണിന്റെ വെള്ളിവെളിച്ചത്തിൽ, തൊട്ടറിഞ്ഞും കേട്ടറിഞ്ഞും എസ്എസ്എല്‍സി പരീക്ഷ എഴുതിയ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ വിവേക് രാജ് വിധിയോട് പൊരുതിനേടിയത് ഒരു എ പ്ലസും, മൂന്ന് എ ഗ്രേഡും അടക്കം മിന്നുന്ന വിജയം.

തന്റെ അന്ധത ഒരു പരിമിതിയായി കരുതാതെ ആത്മവിശ്വാസത്തോടെ വിവേക് രാജ് എന്ന കൊച്ചുമിടുക്കൻ തന്റെ അകക്കണ്ണിനാൽ എല്ലാം ശരിയായി പഠിച്ചു മനസ്സിലാക്കിയാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത് . കണ്ണൂർ സ്വദേശിയാണ് വിവേക് രാജ്. കാളകെട്ടി അസീസി അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം തുടർന്ന് അസീസിയിൽ താമസിച്ച് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. സ്കൂൾ മാറിയെങ്കിലും അസ്സീസി അന്ധവിദ്യാലയത്തിൽ കന്യാസ്ത്രീകളാണു വിവേകിന് പരിശീലനം നൽകിയത് . ബ്രെയ്‌ൽ ലിപികളിൽ പഠിച്ച് സ്ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത് .

പഠനത്തിൽ മാത്രമല്ല, കലാരംഗത്തും വിവേക് കഴിവു തെളിയിച്ചിട്ടുണ്ട്. സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശികളായ കെ.വി.രാജൻ, ബാലാമണിയമ്മ ദമ്പതികളുടെ മകനാണു വിവേക്.

1968 ൽ തലയോലപ്പറമ്പിനു സമീപം അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച അസ്സീസി അന്ധ വിദ്യാലയം 1993 മുതലാണു കാളകെട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.