ഓട്ടോയിടിച്ചു വയോധികൻ മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി; റോഡരികിൽ ദാരുണാന്ത്യം

ഓട്ടോയിടിച്ചു വയോധികൻ മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി; റോഡരികിൽ ദാരുണാന്ത്യം

കൂവപ്പള്ളി : വഴിയെ നടന്നു പോകവെ ഓട്ടോറിക്ഷയിടിച്ചു വയോധികൻ മരണമടഞ്ഞു. കൂവപ്പള്ളി നാലാം മൈല്‍ പൈനാനിയില്‍ പി.പി. ചെല്ലപ്പൻപിള്ള (75) ആണ് മരിച്ചത് . അപകടത്തിൽപെട്ടയാളെ സഹായിക്കുവാൻ നിൽക്കാതെ ഇടിച്ച ഓട്ടോഡ്രൈവർ വണ്ടി നിർത്താതെ ഓടിച്ചുപോയി. പിന്നാലെത്തിയ അയ്യപ്പഭക്തർ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും താമസിച്ചുപോയിരുന്നു. റോഡരികിൽ രക്തം വാർന്നു കിടന്നു പരസഹായം കിട്ടാതെ അദ്ദേഹം മരണമടഞ്ഞിരുന്നു

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ നരകംപടിയിലെ വീട്ടില്‍ നിന്നും നാലാം മൈലിലെ വീട്ടിലേക്ക് കാല്‍നടയായി പോകുമ്പോഴാണ് പിന്നാലെയെത്തിയ കൂവപ്പള്ളി മുളക്കല്‍ മോനിച്ചൻ ഓടിച്ച പാസഞ്ചര്‍ ആപ്പ ഓട്ടോയിടിച്ചത്. അപകടത്തിന് ശേഷം ഓട്ടോ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

പിന്നാലെ എത്തിയ അയ്യപ്പ ഭക്തര്‍, വയോധികൻ റോഡരികിൽ അപകടത്തിൽ പെട്ട് അപകടത്തിൽപെട്ടു കിടക്കുന്ന കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോൾ ചെല്ലപ്പൻപിള്ള മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്.

മൃതദേഹം വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനുശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.ഭാര്യ പരേതയായ ഗൗരിയമ്മ പരിയാരത്ത് കുടുംബാംഗം. മക്കള്‍: രമണി, ബാലന്‍ (ബി.എസ്.എന്‍.എല്‍ പാമ്പാടി), ഓമന. മരുമക്കള്‍: ശ്രീലേഖ കാവില്‍ കുവപ്പള്ളി, സുകു തട്ടാരത്തില്‍ ചേനപ്പാടി.