അയനയുടെ കണ്ണുനീർ കാനഡയിൽ വാർത്തയായി..

എരുമേലി∙ കാനഡയിലെ ലിങ്കൻഫീൽഡ്സ് വെൻഡീസ് റസ്റ്ററന്റ് കത്തിയമർന്നപ്പോൾ എരുമേലിക്കാരി അയന സങ്കടപ്പെട്ടത് മാധ്യമശ്രദ്ധ നേടി. പഠനം നടത്തുന്നതിനിടെ കിട്ടുന്ന ഒഴിവു സമയങ്ങളിൽ ജോലി ചെയ്ത റസ്റ്ററന്റ് ചൊവ്വാഴ്ച കത്തിത്തീർന്നപ്പോൾ അവൾക്കു വിഷമം അടക്കാനായില്ല. അയനയുടെ കണ്ണു നനഞ്ഞത് കനേഡിയൻ മാധ്യമങ്ങൾക്കു വാർത്തയുമായി.

എരുമേലി കൊരട്ടി വെട്ടിക്കൊമ്പിൽ രാജേന്ദ്രന്റെ മകൾ അയന 3 മാസം മുൻപാണു ബിസിനസ് മാനേജ്മെന്റ് പഠനത്തിനു കാനഡയിലേക്കു പുറപ്പെട്ടത്. ഒരു മാസം മുൻപ് അയനയ്ക്ക് ഒക്ടോവയിലെ ലിങ്കൻഫീൽഡ്സ് വെൻഡീസ് റസ്റ്ററന്റിൽ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിയും ലഭിച്ചു. റസ്റ്ററന്റിലെ ഏക ഇന്ത്യക്കാരിയാണ് അയന. ഹോട്ടൽ അധികൃതരുടെയും ജീവനക്കാരുടെയും പ്രീതി പിടിച്ചുപറ്റാൻ അയനയ്ക്ക് അധിക ദിവസങ്ങൾ വേണ്ടി വന്നില്ല.

വെളുപ്പിനാണു റസ്റ്ററന്റിനു തീപിടിച്ചത്. സംഭവം അറിയാതെ റസ്റ്ററന്റിലേക്കു പോയ അയന, ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നതു കണ്ട് അവിടേക്ക് ഓടിയെത്താൻ ശ്രമിച്ചു. എന്നാൽ അപകട മുന്നറിയിപ്പുമായി പൊലീസ് തടഞ്ഞു. മണിക്കൂറുകളോളം തീ കത്തിപ്പടരുന്നതിന് അയന സാക്ഷിയായി.

അയനയുടെ സങ്കടം കണ്ടതോടെ അവിടത്തെ പ്രമുഖ ചാനലായ ഒക്ടോവ സിറ്റിസൻ പ്രവർത്തകർ മെഗാൻ ഗില്ലിസ്, ബ്ലയർ ക്രോഫോർഡ് എന്നിവർ അടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. ഊരും പേരുമെല്ലാം അയന മാധ്യമ പ്രവർത്തകരോടു പറഞ്ഞു. റസ്റ്ററന്റിനെക്കുറിച്ചും അപകടത്തെക്കുറിച്ചും അയന പറഞ്ഞത് കാനഡയിൽ വലിയ വാർത്തയാവുകയും ചെയ്തു. റസ്റ്ററന്റിന്റെ പിൻഭാഗത്തെ അടുക്കളയിൽ നിന്നാണു തീ പടർന്നത്. കോയമ്പത്തൂരിൽ ബിബിഎയും ബിസിനസ് മാനേജ്മെന്റും പഠിച്ച ശേഷമാണ് അയന കാനഡയിലേക്കു പോയത്.