എൻജിനിയീറിങ് പഠനത്തിൽ ഏതു ശാഖയിൽ ചേരണം, ഏതിനാണു ജോലിസാധ്യത?

എൻജിനിയീറിങ് പഠനത്തിൽ ഏതു ശാഖയിൽ ചേരണം, ഏതിനാണു ജോലിസാധ്യത?

ആർക്കിടെക്ചറടക്കം 31 ശാഖകളിലേക്കാണു പ്രവേശനം. പേര് കേട്ടതുകൊണ്ടു മാത്രം ഓരോ ശാഖയെ സംബന്ധിച്ചുമുള്ള വ്യക്തമായ രൂപം കിട്ടില്ല. പ്രധാനശാഖകളുടെ ഉള്ളടക്കവും ജോലിസാധ്യതകളും സംബന്ധിച്ച സൂചനകൾ ചുവടെ

സിവിൽ
വിമാനത്താവളം, റെയിൽപാത, തുറമുഖം, റോഡ്, പാലം, അണക്കെട്ട്, തുരങ്കം, കെട്ടിടം തുടങ്ങിയവയുടെ നിർമാണത്തിനും പരിപാലനത്തിനും ജലവിതരണ, ജലസേചന പദ്ധതികൾക്കുമെല്ലാം സിവിൽ എൻജിനീയർ വേണം. സർക്കാർ മേഖലയിൽ വിവിധ വകുപ്പുകൾ, ജലവൈദ്യുതപദ്ധതികൾ, റെയിൽവേ, ഹൗസിങ് ബോർഡ് തുടങ്ങിയവയിലും സ്വകാര്യമേഖലയിൽ നിർമാണ കമ്പനികളിലും ജോലിസാധ്യത. കൺസൽറ്റൻസിയുമാകാം.

മെക്കാനിക്കൽ
യന്ത്രങ്ങളുടെ ലോകം. പ്രൊഡക്ഷൻ, ഓട്ടമൊബീൽ, എയ്റോനോട്ടിക്കൽ, മറൈൻ, ടൂൾ ആൻഡ് ഡൈ, ഇൻഡസ്ട്രിയൽ തുടങ്ങി മെക്കാനിക്കൽ എൻജിനീയറിങ്ങിലെ വിവിധവിഷയങ്ങൾ ഇന്നു സ്വതന്ത്രശാഖകളായി വളർന്നുകഴിഞ്ഞു. മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് ഈ രംഗങ്ങളിലേക്കു ചുവടു മാറാനും അവസരമുണ്ട്.

കംപ്യൂട്ടർ സയൻസ്, ഐടി
കംപ്യൂട്ടർ സയൻസിനെ സോഫ്ട്വെയർ, ഹാർഡ്വെയർ എന്നിങ്ങനെ തിരിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പ്രോഗ്രാമുകൾ, പാക്കേജുകൾ തുടങ്ങിയവ സോഫ്റ്റ്വെയറിന്റെ പരിധിയിൽ വരുന്നു. കംപ്യൂട്ടർ രൂപകൽപന, സർക്കീട്ടുകൾ, നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയവ ഹാർഡ്വെയർ പഠനത്തിന്റെ ഭാഗമാണ്. സോഫ്റ്റ്വെയറിലാണു കൂടുതൽ തൊഴിലവസരം. നെറ്റ്വർക്കിങ്, ഡേറ്റാ ബേസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബിടെക്കുകാർക്കു പ്രവർത്തിക്കാം. കംപ്യൂട്ടർ സയൻസിന്റെ സഹോദരശാഖയാണ് ഐടി. കംപ്യൂട്ടർ അധിഷ്ഠിതമായ വിവരവിനിമയ പ്രവർത്തനങ്ങളാണു പ്രധാനം.

ജോലിസാധ്യത: സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്വെയർ ഡവലപ്പർ, ചിപ് ഡിസൈനർ, ഡേറ്റാബേസ് / ഇ–കൊമേഴ്സ് അഡ്മിനിസ്ട്രേറ്റർ.

ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ
ഈ മേഖലയിൽ കേരള എൻട്രൻസ് വഴി പഠിക്കാവുന്ന ശാഖകൾ അഞ്ച്:

1) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, 2) ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, 3) അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, 4) ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, 5) ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്.

ഓരോന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കിൽ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധം സംഭവിക്കാം. ‘ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്’ മുഖ്യമായും ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനമാണ്. മറിച്ച്, മുഖ്യധാരാ ഇലക്ട്രോണിക്സ് ആണു പഠിക്കേണ്ടതെങ്കിൽ ‘ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ’ തിരഞ്ഞെടുക്കണം. മറ്റു മൂന്നു പ്രോഗ്രാമുകൾ ഇൻസ്ട്രുമെന്റേഷനുമായി ബന്ധപ്പെട്ടതാണ്.

ജോലിസാധ്യത: പ്രോസസ് കൺട്രോൾ ഉപയോഗിക്കുന്ന നിർമാണ വ്യവസായങ്ങൾ, എണ്ണശുദ്ധീകരണശാല, രാസവള പ്ലാന്റ്, ഉപകരണ നിർമാണശാല, കടലാസ് ഫാക്ടറി, ഉരുക്കുമിൽ, ഖനന സ്ഥാപനങ്ങൾ, ഗ്യാസ് പ്ലാന്റ്, സൈന്യം, ഗവേഷണ സ്ഥാപനങ്ങൾ.

ഇൻഡസ്ട്രിയൽ

പേര് കേട്ടു തെറ്റിദ്ധരിച്ചേക്കാം. ലഭ്യമായ വിഭവശേഷി ബുദ്ധിപൂർവം വിന്യസിച്ച് ഉൽപാദനം പരമാവധി വർധിപ്പിക്കാനുള്ള രീതികളാണു പഠിക്കുന്നത്. ഉൽപാദനക്ഷമത പരമാവധി മെച്ചപ്പെടുത്താൻ സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കൺട്രോൾ അടക്കമുള്ള വഴികൾ നടപ്പാക്കും. പ്ലാന്റ് ലേ ഔട്ട്, പ്രവർത്തനശൈലി പരിഷ്കരണം, തൊഴിൽ വിശകലനം, ഉൽപാദനാസൂത്രണം മുതലായവയും പഠിക്കാം. വലിയ വ്യവസായങ്ങളിലെല്ലാം ഇൻഡസ്ട്രിയൽ എൻജിനീയർമാർക്ക് അവസരങ്ങളുണ്ട്. പ്രോജക്ട് പ്ലാനിങ്, കൺസൽറ്റൻസി മേഖലകളിലും അവസരം.

ഫുഡ് ടെക്നോളജി, കെമിക്കൽ എൻജിനീയറിങ് തുടങ്ങി മറ്റു മേഖലകളിലും ഏറെ സാധ്യതകളുണ്ട്.

കോളജ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

1.ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) / കൗൺസിൽ ഓഫ് ആർക്കിടെക്ചർ, സർവകലാശാല എന്നിവയുടെ അംഗീകാരം. (നമ്മുടെ എൻട്രൻസ് വഴി വരുന്ന കോളജുകളെല്ലാം അംഗീകൃതമാണ്).

2.അധ്യാപകർ, ലബോറട്ടറികൾ, വർക്ഷോപ്പുകൾ, കംപ്യൂട്ടറുകൾ, ലൈബ്രറി, അനുബന്ധ പാഠ്യപ്രവർത്തനങ്ങൾ മുതലായവയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ.

3.കോളജിലെ പഠനാന്തരീക്ഷം.

4.മാനേജ്മെന്റ് ഘടന (സർക്കാർ, സർക്കാർ സ്വാശ്രയം, സ്വകാര്യം, സ്വകാര്യസ്വാശ്രയം – ഫീസ് നിരക്കുകൾ ഇതനുസരിച്ചു മാറും).

5.സ്ഥാപനത്തിന്റെ അക്കാദമിക ചരിത്രം.

6.പുതിയ സ്ഥാപനമാണെങ്കിൽ മാനേജ്മെന്റിന്റെ വിശ്വാസ്യതയും മതിപ്പും.

7.ഫീസും മറ്റു ചെലവുകളും; ഒളിഞ്ഞുകിടക്കുന്ന ഫീസില്ലെന്ന് ഉറപ്പുവരുത്തണം.

8.ഹോസ്റ്റൽ സൗകര്യം.

9.ക്യാംപസ് നിയമന സാധ്യത.

10.പൂർവവിദ്യാർഥികൾ എത്തിച്ചേർന്ന സ്ഥാനങ്ങൾ.

കോളജുകൾ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾക്ക് എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ KEAM 2017-Professional Colleges ലിങ്കുകൾവഴി പോകുക.