ഭൂജല വകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ ബേബി വട്ടയ്ക്കാട്ട്

കാഞ്ഞിരപ്പള്ളി: ഭൂജല വകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ ബേബി വട്ടയ്ക്കാട്ട് പറഞ്ഞു.
കേരളത്തിലെ എല്ലാ കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു നല്കുമ്പോള് തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ഉപഭോക്തൃസമിതിയാണ് പരിഹരിക്കേണ്ടത്. ഓപ്പറേറ്റര്‍ ചാര്‍ജ്, വൈദ്യുതി ചാര്‍ജ്, മെയിന്റനന്‍സ് തുടങ്ങിയവ ഗുണഭോക്തൃസമിതിയാണ് നല്‍കേണ്ടത്. ജലവിതരണം നടത്തേണ്ട മോട്ടോറിനു മാത്രമാണ് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയുള്ളത്. ഇത് കമ്പനി തന്നെ വഹിക്കും.
ആശ്രയ പദ്ധതിയിലുള്ളവര്‍ക്ക് സൗജന്യമായിട്ടാണ് കുടിവെള്ളം നല്‍കുന്നത്. തമ്പലക്കാട് പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ ഗ്രാമവികസന സമിതിയുടെ പേരിലാണ് നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രയോജനം എല്ലാവര്ക്കും ലഭിക്കുന്നതിനായിട്ടാണ് എല്ലാ കണക്ഷനുകള്‍ക്കും മീറ്ററുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. ഇതിനായി തന്നെ 1200 രൂപ ചെലവാകും.
ആരോപണം ഉന്നയിച്ച ബിജെപിയുടെ മെംബറുടെ വാര്‍ഡിലും സമാനമായ രീതിയിലാണ് കുടിവെള്ള വിതരണം നടക്കുന്നത്. എന്നാല്‍, ഇവിടെ പട്ടികജാതി വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ ഈ വിഭാഗങ്ങളില്നിന്നുപോലും തുക കൈപ്പറ്റിയവരാണ് ഇപ്പോള്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്കും ആശ്രയ പദ്ധതിയിലുള്ളവര്‍ക്കും സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടും ഇതു നടപ്പിലാക്കാത്തവരാണ് ആരോപണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ബേബി വട്ടയ്ക്കാട്ട് പറഞ്ഞു.