പൊന്‍കുന്നത്തെ മദ്യശാല എരുമേലിക്ക് മാറ്റി; കൊരട്ടിപ്പാലത്തിനടുത്തു ശബരിമല തീര്‍ഥാടന പാതയില്‍ പുതിയ ശാല തുറന്നു

പൊന്‍കുന്നത്തെ മദ്യശാല എരുമേലിക്ക് മാറ്റി; കൊരട്ടിപ്പാലത്തിനടുത്തു ശബരിമല തീര്‍ഥാടന പാതയില്‍ പുതിയ ശാല തുറന്നു

പൊന്‍കുന്നം / എരുമേലി : പൊന്‍കുന്നത്തു പ്രവർത്തിച്ചു വന്നിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാല നിര്‍ത്തലാക്കി. പകരം ശബരിമല തീര്‍ഥാടന പാതയില്‍ എരുമേലി കൊരട്ടി പാലത്തിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു . ഇന്ന് വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു കടമാറ്റം . കൊരട്ടി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ വില്‍പന കടയോട് ചേർന്ന് നിൽക്കുന്ന മൂന്നു ഷട്ടറുകളിലാണ് പുതിയ മദ്യവില്‍പനശാല പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത് .
എരുമേലി ക്ഷേത്രത്തിലെ ആറാട്ടു കടവിന് അടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ മദ്യശാല പ്രവർത്തിക്കുന്നത് ഇപ്പോൾ തന്നെ വിവാദമായിരിക്കുകയാണ്.

മുന്നറിയിപ്പില്ലാതെ പൊന്‍കുന്നത്തെ മദ്യശാല അടച്ചു പൂട്ടിയത് മദ്യം വാങ്ങാനെത്തിയ നൂറുകണക്കിന് കുടിയന്മാരെ നിരാശരാക്കി. വാഹനങ്ങളില്‍ വന്നവര്‍ കിലോമീറ്ററുകള്‍ അകലെയുള്ള അഞ്ചിലിപ്പ, ഉരുളികുന്നം, പള്ളിക്കത്തോട് ബിവറേജസ് ഔട്ട്‌ലറ്റുകളെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ എരുമേലിയിലെ മദ്യപാനികൾ പുതിയ മാറ്റം സസന്തോഷം സ്വാഗതം ചെയ്തു. ഇനി മദ്യം വാ ങ്ങാന്‍ ഇനി മുണ്ടക്കയത്തിനും മണിമലക്കും അഞ്ചലിപ്പക്കും പൊന്‍കുന്നത്തിനുമൊന്നും പോകേണ്ടതില്ല. സ്വന്തം തട്ടകത്തിൽ തന്നെ സാധനം റെഡി..

പൊന്‍കുന്നത്തു നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മാന്തറ റോഡിലായിരുന്നു മദ്യശാല പ്രവർത്തിച്ചു വന്നിരുന്നതു. ഇവിടേക്ക് കാല്‍നടയായി എത്തിയ സാധാരണക്കാരായവര്‍ അടഞ്ഞു കിടക്കുന്ന ഷട്ടര്‍ കണ്ട് ഒരു തുള്ളി മദ്യം അകത്താക്കുവാൻ ഇനി എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു.

പ്രതിദിനം നാലു ലക്ഷത്തോളം രൂപ മാത്രമേ വിറ്റുവരവുള്ളൂ എന്ന് കണക്കു ചൂണ്ടിക്കാട്ടിയാണ് മദ്യശാല ഇവിടെ നിന്ന് എരുമേലിയിലേക്കു മാറ്റിയത്. എരുമേലിയില്‍ കച്ചവടം ഇരട്ടിക്കുമെന്ന കണക്കുകൂട്ടലാണ് കണ്‍സ്യൂമര്‍ ഫെഡിന്. ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരുമായി പത്തിലേറെ പേരാണ് പൊന്‍കുന്നത്ത് ജോലിയിലുണ്ടായിരുന്നത്. ഇവരുടെ ശമ്പളവും കെട്ടിടവാടകയും കൂട്ടി നോക്കുമ്പോള്‍ നഷ്ടമാണെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.
പൊന്‍കുന്നം പട്ടണത്തില്‍ പ്രവർത്തിച്ചിരുന്ന മദ്യശാലയാണ് ദേശീയപാതാ ദൂരപരിധി പ്രശ്‌നത്തെ തുടര്‍ന്ന് മാന്തറ റോഡിലെ വാടക കെട്ടിടത്തിലേക്ക് ഏഴു മാസം മുമ്പ് മാറ്റിയത്. മദ്യശാല നിര്‍ത്തലാക്കിയതോടെ, ഇതിനു സമീപത്ത് വായ്പയെടുത്തും മറ്റും കടകള്‍ തുടങ്ങിയവര്‍ കടക്കെണിയിലായി. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോക്കാർക്കും പുതിയ തീരുമാനം ഇരുട്ടടിയായി. കുടിയന്മാരുടെ ഓട്ടം അവരുടെ സ്ഥിരവരുമാനമായി കഴിഞ്ഞിരുന്നു. ഇനി അതുണ്ടാവില്ല ..

എരുമേലിയിലെ പുതിയ മദ്യശാല പ്രവർത്തിക്കുന്നതും വിവാദ ഭൂമിയിലാണ്. പുറമ്പോക്കി കൈയേറി സ്വകാര്യ വ്യക്തി സ്ഥാപിച്ച കെട്ടിടമാണത് എന്ന് ചിലർ പരാതി ഉന്നയിക്കുന്നുണ്ട് .എന്നാൽ പുറമ്പോക്ക് വിവാദം വാസ്തവരഹിതമാണെന്നും സ്ഥലവും കെട്ടിടവും അനധികൃതമല്ലെന്നും കൃത്യമായ രേഖകളുണ്ടെന്നും ഒപ്പം നിയമപരിരക്ഷയുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പുറമ്പോക്ക് പ്രശ്‌നം ഉയര്‍ത്തുന്നതിനൊപ്പം ശബരിമലയുടെ ഗേറ്റ് വേ ആണ് കൊരട്ടിപ്പാലമെന്നും പാലത്തിന്റ്റെ ഇരു വശങ്ങളിലും തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന കമാനം ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റ്റെ കീഴെ മദ്യം വില്‍ക്കുന്നത് പുണ്യവും പാവനവുമായ തീര്‍ത്ഥാടനത്തെ അപമാനിക്കുന്നതാണെന്നും വിശ്വാസികൾ പറയുന്നു.

പാലത്തിനക്കരെ മുസ്ലിം പളളിയുണ്ടെന്നും തൊട്ടടുത്ത് മണിമലയാറിലെ കടവ് എരുമേലി ക്ഷേത്രത്തിന്റ്റെ ആറാട്ട് കടവാണെന്നും പരാതിക്കാര്‍ പറയുന്നു. കാര്യം ഇങ്ങനയൊക്കെ ആയതിനാൽ മദ്യശാല എത്രനാൾ അവിടെ കാണും എന്നതിൽ ചിലർ സംശയം ഉന്നയിക്കുന്നുണ്ട്.