അഞ്ചിലിപ്പയിലെ മദ്യശാല വീണ്ടും പ്രതിസന്ധിയിൽ; പഞ്ചായത്ത് D & O ലൈസൻസ് റദ്ദാക്കി

അഞ്ചിലിപ്പയിലെ മദ്യശാല വീണ്ടും പ്രതിസന്ധിയിൽ; പഞ്ചായത്ത്  D & O ലൈസൻസ് റദ്ദാക്കി

കാഞ്ഞിരപ്പള്ളി : അഞ്ചിലിപ്പയിലെ മദ്യശാല വീണ്ടും പ്രതിസന്ധിയിൽ. ചിറക്കടവ് പഞ്ചായത്ത് മദ്യശാലയ്ക്ക് അനുവദിച്ച ‘ഡി ആൻഡ് ഒ’ (ഡെയിഞ്ചറസ് ആൻഡ് ഒഫൻസീവ്) ലൈസൻസ് റദ്ദാക്കി. പഞ്ചായത്തു കമ്മറ്റിയിൽ നടന്ന ചർച്ചയിൽ ബി ജെ പി യും, കോൺഗ്രസ്സും, കേരളാകോണ്ഗ്രസ്സും ഒറ്റകെട്ടായി മദ്യശാലയെ എതിർത്തു വോട്ടുചെയ്തതോടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ചു ലൈസൻസ് ക്യാൻസൽ ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. ഇരുപതംഗ പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം – ഏഴ്, സിപിഐ – രണ്ട്, ബിജെപി – ആറ്, കേരള കോൺഗ്രസ് (എം) – മൂന്ന്, കോൺഗ്രസ് – രണ്ട് എന്നിങ്ങനെയാണു കക്ഷിനില.

പഞ്ചായത്തിന്റെ D & O ലൈസൻസ് ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അഞ്ചിലിപ്പയിലെ ജനകീയ മദ്യവിരുദ്ധ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ ഹൈക്കോടതി, ഏപ്രിൽ പതിമൂന്നിനകം പഞ്ചയാത്ത് കമ്മറ്റി കൂടി അന്തിമ തീരുമാനം എടുക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇരുകൂട്ടരെയും വിളിച്ചുവരുത്തി വാദഗതികൾ കേട്ടു. ഇതിനുശേഷം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാഗ്വാദങ്ങൾ ഉണ്ടായി. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ 20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 11 അംഗങ്ങൾ ലൈസൻസ് റദ്ദുചെയ്യണമെന്നും ഭരണകക്ഷിയിലെ ഒൻപത് അംഗങ്ങൾ വിയോജിപ്പും പ്രകടിപ്പിച്ചു. ഭൂരിപക്ഷ തീരുമാനമനുസരിച്ചു ലൈസൻസ് റദ്ദാക്കുവാൻ തീരുമാനിക്കുകയാരുന്നു.

കഴി‍ഞ്ഞ വർഷം അഞ്ചലിപ്പയിലെ ബവ്റിജസ് ഷോപ്പ് ചില്ലറവിൽപനശാലയ്ക്ക് ഡി ആൻഡ് ഒ ലൈസൻസ് നൽകുന്നതു സംബന്ധിച്ചു രൂക്ഷമായ തർക്കം നിലനിന്നിരുന്നു. അന്നു നടന്ന പഞ്ചായത്ത് 19 അംഗ കമ്മിറ്റിയിൽ ഡി ആൻഡ് ഒ ലൈസൻസ് നൽകുന്നതിന് എതിരെ 10 പേർ എതിർപ്പുമായി രംഗത്തെത്തിയതോടെ അധികൃതർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണു ലൈസൻസ് നൽകിയതെന്നും ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്നും, പരാതിയുള്ളവർക്കു ട്രൈബ്യൂണലിൽ പോകാമെന്നും ഭരണസമിതി അറിയിച്ചതോടെയാണ് മദ്യവിരുദ്ധ സമിതി കോടതിയിൽ പ്രശ്നമെത്തിച്ചത്.