കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചു, ബൈക്ക് യാത്രികൻ മരിച്ചു..

കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചു, ബൈക്ക് യാത്രികൻ മരിച്ചു..

കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വില്ലണിയ്ക്കും മഞ്ഞപ്പള്ളിയ്ക്കും ഇടയിൽ വച്ച് ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആനക്കല്ല് വണ്ടൻപാറയിൽ താമസിക്കുന്ന വിരുത്തിയിൽ (വാളിപ്ലാവ് ) റെജി വർഗീസാണ് (45) അപകടത്തിൽ മരിച്ചത്.

അപകടത്തിൽ മരിച്ച റെജി വർഗീസ്

ഈരാറ്റുപേട്ടയിൽ നിന്നും പത്തനംതിട്ടയിലേക്കു പോവുകയായിരുന്ന വാഴയിൽ എന്ന് പേരുള്ള സ്വകാര്യ ബസ്, എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായിരുന്ന റെജി തലയ്ക്കു പരുക്കേറ്റു മരണമടഞ്ഞു. അപകടത്തെ തുടർന്ന് റെജിയെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല .

അപകടം നടന്ന ശേഷം രക്തത്തിൽ കുളിച്ചു അപകടത്തിൽ പെട്ട റെജി റോഡിൽ വളരെനേരം കിടന്നു. ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, മറ്റു വഴിയയാത്രക്കാരും റോഡിൽ അപകടത്തിൽ പെട്ട് രക്തത്തിൽ കുളിച്ചു കിടന്നയാളെ നോക്കി നിന്നതല്ലാതെ എടുത്തു ആശുപത്രിയിൽ കൊണ്ടുപോകുവാൻ മുന്പിട്ടിറങ്ങിയില്ല. എന്നാൽ ആ സമയത്തു ആ വഴി വന്ന ആനക്കല്ല് സൈന്റ്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പൽ ഫാ . മനു കെ മാത്യു കിളികൊത്തിപ്പാറ, സ്വയം ചെന്ന് തന്റെ കാറിൽ അപകടത്തിൽ പെട്ടയാളെ എടുത്തു ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അസ്സീസ്സി അന്ധവിദ്യാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരിച്ചു വരുന്ന വഴിയിലാണ് ഫാ മനു അപകടസ്ഥലത്തെത്തിയത്.

രണ്ടു ദിവസം മുൻപ് മാത്രം വാങ്ങിയ പുതിയ ബൈക്കിൽ സഞ്ചരിക്കവെയാണ് റെജി അപകടത്തിൽ പെട്ടത്. ഇടുക്കി ചിന്നാർ പൊന്നാംമലയിൽ ആയിരുന്നു റെജി താമസിച്ചിരുന്നത്. അവിടെനിന്നും ചങ്ങനാശ്ശേരിൽ താമസിച്ചിരുന്ന കുടുബം, ആറുമാസം മുൻപ് കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ വീടുവാങ്ങി താമസം തുടങ്ങിയതായിരുന്നു.

അപകടത്തിൽ മരിച്ച റെജി വർഗീസ് ഷാർജയിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. ഒരു വര്ഷം മുൻപ് നാട്ടിൽ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി അനക്കല്ലിൽ വീട് വാങ്ങി താമസിക്കുന്ന റെജി പിറവത്തുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയിരുന്നു. മക്കൾ മൂന്നു പെൺകുട്ടികൾ. ഭാര്യ: ജെസി ആലപ്പുഴ തലവടി പൊള്ളേപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: ആർജിത (ക്ലാസ് – 10) കുന്നുംഭാഗം സൈന്റ്റ് ജോസഫ്‌സ് സ്‌കൂളിൽ പഠിക്കുന്നു, അഞ്ചിത (ക്‌ളാസ് – 4 ) ആനക്കല്ല് സൈന്റ്റ് ആന്റണിസ് സ്‌കൂളിൽ പഠിക്കുന്നു. , ഇളയകുട്ടി അഞ്ജലീനയ്ക്കു രണ്ടു വയസ്സാണ് പ്രായം.
സംസ്കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആനക്കല്ല് സൈന്റ്റ് ആന്റണിസ് പള്ളി സിമിത്തേരിയിൽ