പ്രളയകാലത്തെ ബിനുവിന്റെ ത്യാഗം തിരിച്ചറിഞ്ഞ ആലുക്കാസ് നൽകിയത് സ്‌നേഹവീട്

പ്രളയകാലത്തെ ബിനുവിന്റെ ത്യാഗം തിരിച്ചറിഞ്ഞ  ആലുക്കാസ് നൽകിയത് സ്‌നേഹവീട്

പ്രളയകാലത്തെ ബിനുവിന്റെ ത്യാഗം തിരിച്ചറിഞ്ഞ ആലുക്കാസ് നൽകിയത് സ്‌നേഹവീട്
കണമല : നാടെങ്ങും പ്രളയത്തിൽ മുങ്ങിപോയപ്പോൾ, ശബരിമലയിലെ ആചാരം സംരക്ഷിക്കുവാൻ, ജീവൻ പണയം വച്ച് പ്രളയത്തിൽ മുങ്ങിപ്പോയ പമ്പയിൽ ഒഴുക്ക് മറികടന്ന് നീന്തിക്കയറി ശബരിമലയിൽ നിറപുത്തരി എത്തിച്ച് ആചാരങ്ങൾ മുടങ്ങാതെ പൂർത്തീകരിക്കുവാൻ സഹായിച്ച മന്ദഗതി ആറാട്ടുകയം പാലമൂട്ടിൽ ബിനുവിന്റെ ത്യാഗം തിരിച്ചറിഞ്ഞ ആലുക്കാസ് നൽകിയ സ്നേഹവീടിന്റെ താക്കോൽ ഇന്നലെ ജോയി ആലുക്കാസ് ഗ്രൂപ്പ്‌ കൈമാറി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട 250 പേർക്കാണ് ജോയി ആലുക്കാസ് ഗ്രൂപ്പ്‌ ജോയി ഹോം പദ്ധതിയിലൂടെ സ്നേഹ വീടുകൾ നിർമിച്ചു നൽകുന്നത്.

പ്രളയത്തിൽ നിറപുത്തരി എത്തിച്ച ബിനുവിന് സർക്കാർ സഹായങ്ങൾ ലഭിച്ചില്ലെന്നും മണ്ണിഷ്‌ടികയിലുള്ള ബിനുവിന്റെ വീട് നനഞ്ഞ് കുതിർന്ന് തകർച്ചയിലാണെന്നും മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആ വാർത്തകൾ അയൽവാസിയും പൊതുപ്രവർത്തകയുമായ സുബി ജോയി ആലുക്കാസ് ഗ്രൂപ്പിൽ അപേക്ഷ നൽകിയതോടെ വീട് നിർമിക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പ്രളയം ഉണ്ടായി ഒരു വർഷമാകും മുമ്പെ വീട് നിർമാണം പൂർത്തിയാക്കി ഇന്നലെയായിരുന്നു ഗൃഹപ്രവേശം.

പുതിയ വീട്ടിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രകാശ്, വാർഡ് അംഗങ്ങളായ അനീഷ് വാഴയിൽ, സൂസമ്മ രാജു, വില്ലേജ് ഓഫീസർ പ്രസാദ്, ജോയി ആലുക്കാസ് മാനേജർ ദിപു എബ്രഹാം, ജോളി സിൽക്‌സ് മാനേജർ പ്രതീഷ്, പ്രൊജക്റ്റ്‌ മാനേജർ മനു മോഹൻ, പൊതുപ്രവർത്തകയും കോൺഗ്രസ്‌ വാർഡ് കമ്മറ്റി ഭാരവാഹിയുമായ സുബി തുടങ്ങിയവർ പങ്കെടുത്തു.