ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്മാരുടെ സംഘം ജയിലിൽ സന്ദർശിച്ചു

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ  മെത്രാന്മാരുടെ സംഘം ജയിലിൽ സന്ദർശിച്ചു

പീഡനക്കേസിൽ ആരോപണവിധേയനായ റിമാൻഡിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്മാരുടെ സംഘം തിങ്കളാഴ്ച പാലായിലെ ജയിലിൽ സന്ദർശിച്ചു. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ. മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ. ജോസ് പുളിക്കൽ, മലങ്കര യാക്കോബായ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്, എന്നിവരാണ് സന്ദർശിച്ചത്.

പകൽ 11.30ന് എത്തിയ സംഘം ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ 15 മിനിട്ട് നേരം ഫ്രാങ്കോ മുളയ്ക്കലുമായി കൂടിക്കാഴ്ച നടത്തി.

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. വിധി വരുന്നതിനു മുൻപ് മറ്റുള്ളവർ കുറ്റം വിധിക്കുന്നത് ശരിയല്ല എന്ന് മാർ മാത്യു അറയ്ക്കൽ സന്ദർശന സമയത്ത് ചുറ്റും കൂടിയ മാധ്യമ പ്രവർത്തരോട് പറഞ്ഞു .
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റം ചെയ്തതായി കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “യേശു ക്രിസ്തുവിനെ ക്രൂശിലേറ്റിയത് അദ്ദേഹം കുറ്റം ചെയ്തിട്ടാണോ ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം . ആയിരക്കണക്കിന് രക്തസാക്ഷികൾ സഭയിൽ ഉണ്ടായിട്ടുണ്ട് അവർ തെറ്റ് ചെയ്തവരാണോ എന്നും അദ്ദേഹം ചോദിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃതര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ എത്തിയത്.