“മാർ മാത്യു അറയ്ക്കലിന് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും” : മുഖ്യമന്ത്രി പിണറായി വിജയൻ

“മാർ മാത്യു അറയ്ക്കലിന് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും”  :  മുഖ്യമന്ത്രി പിണറായി വിജയൻ


കാഞ്ഞിരപ്പള്ളി: സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിൽ താൻ കാത്തുസൂക്ഷിച്ച ദൃഢമായ ബന്ധങ്ങൾ ഉപയോഗിച്ച് നാടിനുവേണ്ടി നിരവധി വികസന പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് രൂപതാധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷവും ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ഇടയശുശ്രൂഷയില്‍ നിന്നു കൊണ്ടു തന്നെ സാമൂഹിക, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ നിരവധി നേട്ടങ്ങളുണ്ടാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. അദേഹം ആരംഭിച്ച പ്രസ്ഥാനങ്ങളെല്ലാ വിജയം കൈവരിച്ചതിനു പിന്നില്‍ കഠിനാധ്വാനമാണ്. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞെങ്കിലും വിശ്രമ ജീവിതത്തിലേയ്ക്ക് മാര്‍ അറയ്ക്കലിന് പോകാനാവില്ലെന്നും പുതിയ പ്രവര്‍ത്തന മേഖലയില്‍ അത്ഭുദങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ മാത്യു അറയ്ക്കലിന്റെ ജീവിത വഴികള്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, എം. എല്‍. എമാരായ എന്‍. ജയരാജ്, പി. ജെ. ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, സി. കെ. പത്മനാഭന്‍, ബ്രിട്ടനിലെ നോര്‍ത്ത് ബ്രിസ്റ്റോൾ മേയര്‍ ടോം ആദിത്യ, വി. സി. സെബാസ്റ്റിയന്‍, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു അറയ്ക്കലിന്റെ വിവിധങ്ങളായ സേവന ശുശ്രൂഷകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്മരണിക, മുന്‍ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. കെ. അയ്യപ്പന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മറുപടി പ്രസംഗം നടത്തി.