പ്രതിഷേധ മാസ്ക്കും ധരിച്ച്, മധുരം നൽകി ചിറക്കടവ് പഞ്ചായത്ത്‌ ബിജെപി മെമ്പർമാർ.

പ്രതിഷേധ മാസ്ക്കും ധരിച്ച്, മധുരം നൽകി  ചിറക്കടവ്  പഞ്ചായത്ത്‌ ബിജെപി മെമ്പർമാർ.


പൊൻകുന്നം : തൊണ്ണൂറ് ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ചിറക്കടവിൽ വീണ്ടും സാധാരണ പഞ്ചായത്ത്‌ കമ്മറ്റി നടന്നു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണു ചിറക്കടവിൽ പഞ്ചായത്ത്‌ കമ്മറ്റി കൂടുന്നത്. നിരവധി പഞ്ചായത്ത്‌ കമ്മറ്റികൾ മാറ്റി വെച്ച് പകരം സ്റ്റിയറിങ് കമ്മറ്റികൾ കൂടുകയും ശേഷം സാധാരണ കമ്മറ്റി മാറ്റി ഓൺലൈൻ കമ്മറ്റി ആക്കുകയും ചെയ്തതിനെതിരെ പ്രതിപക്ഷ മെമ്പർമാർ ഏക സ്വരത്തിൽ നിരവധി തവണ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഓൺലൈൻ കമ്മറ്റി അലങ്കോലമാവുകയും മുൻപ് പ്രതിപക്ഷ അംഗങ്ങൾ സാമാന്തരമായി പഞ്ചായത്തിന് മുൻപിൽ കമ്മറ്റി കൂടുകയും ചെയ്തിരുന്നു.

ഇന്ന് കമ്മറ്റി ചേരുന്നതിനു മുൻപായി പഞ്ചായത്തിൽ മധുരം വിതരണം ചെയ്തുകൊണ്ട് ബിജെപി മെമ്പർമാർ സന്തോഷം പങ്കുവെച്ചത്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇവർ മധുരം നൽകി. കാലങ്ങൾക്ക് ശേഷം ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിച്ച സന്തോഷമാണ് തങ്ങൾ പങ്കുവെച്ചതെന്ന് ബിജെപി പാർലമെന്ററി നേതാവ് കെ.ജി കണ്ണൻ പറഞ്ഞു. ശേഷം പഞ്ചായത്ത്‌ കമ്മറ്റിയിൽ അനധികൃത കയ്യേറ്റം നടത്തിയ പ്രസിഡന്റ്‌ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാസ്കുകൾ ധരിച്ചുകൊണ്ടാണ് ബിജെപി മെമ്പർമാർ പ്രതിഷേധിച്ചത്.
എല്ലാ മെമ്പർമാരും ഒരെ രീതിയിലുള്ള ഒരെ വാചകങ്ങൾ അലേഖനം ചെയ്ത മാസ്കുകളാണ് ധരിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് സർക്കാർ ഭൂമി കയ്യേറിയ പ്രസിഡന്റ്‌ ജയ ശ്രീധർ രാജിവയ്ക്കും വരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.