കാഞ്ഞിരപ്പളളിയിലെ ചില വീടുകളിൽ കണ്ടത് മോഷ്ട്ടാക്കളുടെ കറുത്ത സ്റ്റിക്കറോ.. ? ജനം ഭീതിയിൽ

കാഞ്ഞിരപ്പളളിയിലെ ചില വീടുകളിൽ കണ്ടത്  മോഷ്ട്ടാക്കളുടെ കറുത്ത സ്റ്റിക്കറോ.. ? ജനം ഭീതിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ചില വീടുകളിൽ കണ്ടെത്തിയ കറുത്ത സ്റ്റിക്കർ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇരുപത്തി ആറാം മൈലിലെ ഹൌസിങ് കോളനിയിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിലെ ജനലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള വീട്ടുകാർ തങ്ങളുടെ വീടുകൾ പരിശോധിച്ചപ്പോൾ രണ്ടു വീടുകളിൽ കൂടി കറുത്ത സ്റ്റിക്കർ കണ്ടെത്തി. അതോടെ ജനം ഭീതിയിലായി.

മോഷണം നടത്താനുള്ള വീട് തിരിച്ചറിയാൻ വേണ്ടി മോഷണ സംഘത്തിലുള്ളവർ പതിക്കുന്നതാണ് ഈ സ്റ്റിക്കറെന്നാണു നിഗമനം. കവർച്ചയ്ക്കു തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷ്ടാക്കൾ പതിപ്പിക്കുന്ന തരം അടയാളങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി കോട്ടയം ജില്ലയുടെ പല ഭാഗത്തും കണ്ടതായി പോലീസ് അറിയിച്ചിരുന്നു.

പകൽ സമയങ്ങളിൽ നാടോടികളുടെയോ, ഭിക്ഷക്കാരുടെയോ, വീടുകളിൽ കയറി സാധനങ്ങൾ വിൽക്കുന്നവരുടെയോ വേഷത്തിൽ മോഷ്ടാക്കളുടെ സഹായികൾ ചെന്ന്, ആൾ താമസമില്ലാതെ വീടുകൾ കണ്ടെത്തി അടയാളങ്ങൾ ഇടുകയാണ് രീതി. ആണുങ്ങൾ ഇല്ലാതെ വീട്, എളുപ്പം കയറാവുന്ന വീടുകൾ, അടുത്ത് ആൾതാമസമില്ലാത്ത വീടുകൾ, വാതിലുകൾക്കു ഉറപ്പില്ലാതെ വീടുകൾ, വളർത്തു നായകൾ ഇല്ലാത്ത വീടുകൾ, സെക്യൂരിറ്റി കാമറ ഇല്ലാതെ വീടുകൾ, മുതലായവ കണ്ടത്തി അതനുസരിച്ചുള്ള സൂചനകൾ വീടിന്റെ പരിസരത്തു പതിപ്പിക്കുയും, പിന്നീട് മോഷ്ട്ടാക്കൾ തയാറെടുത്തു കവർച്ചയും മോഷണവും നടത്തുകയാണ് തിരിട്ടു ഗ്രാമത്തിലെ മോഷ്ട്ടാക്കളുടെ രീതി. അത്തരത്തിൽ എത്തിയവർ പതിപ്പിച്ചതാണോ കറുത്ത സ്റ്റിക്കർ എന്നാണ് നാട്ടുകാരുടെ സംശയം.

എന്നാൽ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം സംശയിക്കാത്തതെയി ഒന്നും കണ്ടെത്തിയില്ല എന്നാണ് അറിയിച്ചത് . ഒരു വീട്ടിൽ കണ്ട കറുത്ത സ്റ്റിക്കർ, വീട് പണിത ആശാരി, അളവിനുവേണ്ടി പതിപ്പിച്ച സ്റ്റിക്കർ ആയിരിക്കുവാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം.

എന്തായാലും, പുതിയ സംഭവവികാസത്തോടെ നാട്ടുകാർ ഭീതിയിലാണ്.