വില്ലനായ പ്ലാസ്റ്റിക്കിനെ നായകനാക്കുവാനുള്ള പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വില്ലനായ പ്ലാസ്റ്റിക്കിനെ  നായകനാക്കുവാനുള്ള പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

ആസന്നമായ വൻവിപത്തിൽ നിന്നും നാടിനെ രക്ഷിക്കുവാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പദ്ധതി. . വില്ലനായ പ്ലാസ്റ്റിക്കിനെ നായകനാക്കുവാനുള്ള പദ്ധതിയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത് . വിവിധ ഗ്രാമ പഞ്ചായായത്തുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു അതിന്റെ പൊടിച്ചു ടാറിങ്ങിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റുന്നു. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിച്ചു ബെയിലിംഗ് മെഷീന്‍ ഉപയോഗിച്ച് ഷീറ്റുകളാക്കി മാറ്റി വീണ്ടും ഉപയോഗിക്കുന്നു.. ആയിരക്കണക്കിന് വർഷങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിക്കാതെ ഭൂമിയിൽ കിടക്കും എന്നതിനാൽ റീസൈക്ലിങ് അല്ലാതെ മറ്റൊരു മാർഗമില്ല എന്ന തിരിച്ചറിവിലാണ് ബ്ലോക്ക് പ്രസിഡണ്ട് ആശ ജോയിയുടെ നേതൃത്തത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഈ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .

കാഞ്ഞിരപ്പളളി: ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു.

ജലപ്രളയത്താല്‍ നമ്മുടെ മേഖലയില്‍ ഒഴുകിയെത്തിയതും, അടിഞ്ഞു കൂടിയതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമൂഹത്തിന് വലിയ വിപത്തായി മാറുമെന്ന് കണ്ടറിഞ്ഞ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അത് ഏറ്റെടുത്ത് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ വില്ലനായ പ്ലാസ്റ്റിക്കിനെ നായകനാക്കുവാനുള്ള പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എത്തിയിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള 7 പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കി അതാതു പഞ്ചയത്തുകളിലെ കുടുംബശ്രീ – ഹരിതകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിക്കണം. 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകള്‍ ഷ്രെഡിംഗ് മെഷീന്‍ വഴി പൊടിച്ച് തരികളാക്കി ക്ലീന്‍കേരളാ കമ്പനി മുഖേന ടാറിംഗിനും മറ്റുമായി ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക് കുപ്പികള്‍ ബെയിലിംഗ് മെഷീന്‍ ഉപയോഗിച്ച് ഷീറ്റുകളാക്കി ക്ലീന്‍കേരളാ കമ്പനിക്ക് കൈമാറും. ഷ്രെഡിംഗിനും ബെയിലിംഗിനും ഉളള മെഷീനുകള്‍ക്കായി 9 ലക്ഷത്തി എണ്‍പിതനായിരം രൂപയും ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഫിക്കേഷന് വേണ്ടി നാല് ലക്ഷം രൂപയും ചിലവിട്ടിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറത്തോട്, കാഞ്ഞിരപ്പളളി, മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളില്‍ നിന്നും എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനു വേണ്ടി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ 5 ലക്ഷം രൂപ മുടക്കി പുതുക്കി പണിത് പ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറില്‍ 150 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുളള ഷ്രെഡിംഗ് മെഷീനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും മുക്തി നേടുവാന്‍ കേരളം ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ പാരസ്ഥിതക പ്രശ്‌നങ്ങള്‍ക്ക് വഴി തുറക്കുമെന്ന തിരിച്ചറിവാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ ഈ പദ്ധതി ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു.

ഷ്രെഡിംഗ് യൂണിറ്റിലേക്ക് താല്‍ക്കാലികജീവനക്കാരായി 5 വനിതകളെ നിയമിച്ചിട്ടുണ്ട്. ഷ്രെഡിംഗ് യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ. പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, തുടങ്ങിയവരടങ്ങിയ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :