ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു


കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓഫീസ് വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു. 40000 ഫലവൃക്ഷതൈകൾ കാഞ്ഞിരപ്പള്ളി,പാറത്തോട്,മുണ്ടക്കയം, കൂട്ടിക്കൽ ,കോരുത്തോട്, എരുമേലി, മണിമല എന്നീ പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും നട്ട് പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് വൃക്ഷത്തൈകളുടെ നടീലും പരിപാലനവും ഏറ്റെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ പതിനായിരം ഫലവൃക്ഷ തൈകളാണ് നട്ട് പരിപാലിക്കുന്നത്. ഇതിലേക്ക് ആവശ്യമായ തൈകൾ ബ്ലോക്ക് പഞ്ചായത്ത് ഏഴ് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. നെല്ലി, ഞാവൽ, സീതപ്പഴം, പേര, റംബൂട്ടാൻ, മാതളം, കറി നാരകം എന്നീ ഫലവൃക്ഷതൈകളാണ് ആദ്യഘട്ടത്തിൽ നട്ട് പരിപാലിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തേക്ക്, മഹാഗണി, ആര്യവേപ്പ് തുടങ്ങിയ വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. നദീതീരങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിന് ആയിരം മുള തൈകളും വിതരണം ചെയ്യും. ഫലവൃക്ഷതൈകളുടെ വിതരണോത്ഘാടനം ആക്ടിംഗ് പ്രസിഡന്റ് പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ഡോ.എൻ.ജയരാജ് എം.എൽ.എ നിർവ്വഹിച്ചു. അംഗങ്ങളായ ലീലാമ്മ കുഞ്ഞുമോൻ, സോഫി ജോസഫ്, ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം, മറിയാമ്മ ജോസഫ്, അജിത രതീഷ് പി.ജി. വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ. രാജേഷ്, ജോയിന്റ് ബി.ഡി.ഒ കെ.എ.നാസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.വി അനിത എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ ഡോ. എൻ. ജയരാജ് ചൊല്ലിക്കൊടുത്തു.