സുന്ദരി പാലങ്ങൾ … കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പാലങ്ങളിൽ വർണങ്ങളിൽ പൊതിഞ്ഞ വഴിവിളക്കുകള്‍ ..

സുന്ദരി പാലങ്ങൾ …  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പാലങ്ങളിൽ വർണങ്ങളിൽ പൊതിഞ്ഞ വഴിവിളക്കുകള്‍ ..

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിൽ ഉള്ള പാലങ്ങളില്‍ ആകര്‍ഷകമായ വഴിവിളക്കുകള്‍ കഴിഞ്ഞ ആഴ്ച സ്ഥാപിക്കപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ പാലങ്ങളിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സ്ഥാപിക്കാനായി സ്ഥപിച്ചതാണെന്ന് ആരോപണം . എന്നാല്‍, പരസ്യങ്ങള്‍ സ്ഥാപിച്ചാല്‍ എതിര്‍ക്കുമെന്ന് പൊതുമരാമത്തധികൃതര്‍.

.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌ ഒരു സ്വകാര്യ പരസ്യ ഏജന്‍സിയാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ പറഞ്ഞു. വിളക്കുകള്‍ക്കും വൈദ്യുതി കണക്ഷനും വൈദ്യുതി ചാര്‍ജുകളുടെയും ചെലവ് പരസ്യ ഏജന്‍സി വഹിക്കുമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്നും ഒരു വര്‍ഷം മുമ്ബാണ് ഇതുസംബന്ധിച്ച്‌ കരാര്‍ ഒപ്പിട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.

ഇപ്പോള്‍ ശബരിമല തീര്‍ഥാടനകാലത്തെ പബ്ളിസിറ്റി മുന്നില്‍ക്കണ്ടാണ് കഴിഞ്ഞദിവസം വഴിവിളക്കുകള്‍ സ്ഥാപിച്ചതെന്നും ഉടന്‍തന്നെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പറയുന്നു.

എന്നാല്‍, പാലങ്ങളോടു ചേര്‍ന്ന് പരസ്യബോര്‍ഡുകള്‍ വരുന്നത് ട്രാഫിക് നിയമലംഘനമാണെന്ന് പൊതുമരാമത്ത് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അലക്സ് പറഞ്ഞു. പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ മരാമത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വഴിവിളക്കുകള്‍ക്കായി പഞ്ചായത്തിന്റെ പക്കല്‍നിന്നല്ലാതെ വൈദ്യുതിചാര്‍ജ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കെഎസ്‌ഇബി അധികൃതര്‍ പറയുന്നു.

കെഎസ്‌ഇബി എരുമേലി സെക്ഷന്റെ പരിധിയില്‍ വരുന്ന കൊരട്ടിയില്‍ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകള്‍ക്ക് ഇക്കാരണത്താല്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകളാണ് പാലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ലഭിച്ചിട്ടില്ലാത്തതിനാല്‍ വിളക്കുകളൊന്നും പ്രകാശിക്കുന്നുമില്ല.

2-web-sundari-palam

1-web-sundari-palangal