ടച്ച് സ്‌ക്രീന്‍ പണിമുടക്കിയാൽ സ്മാർട്ട് ഫോണിലെ ഡേറ്റ എങ്ങനെ സിംപിളായി മാറ്റാം?

താഴെവീണു ചില്ലു പൊട്ടിയും മറ്റും സ്മാര്‍ട്ട്‌ഫോണുകളുടെ ടച്ച് സ്‌ക്രീന്‍ പ്രതികരിക്കാതാവുന്ന അവസരം പലരും നേരിട്ടിട്ടുണ്ട്. അല്ലെങ്കില്‍ നേരിട്ടേക്കാം. ഇത്തരം അവസരത്തില്‍ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലുള്ള ഡേറ്റ എങ്ങനെ തിരിച്ചെടുക്കാമെന്നു നോക്കാം. സ്‌ക്രീന്‍ ഓണാകും, എന്നാല്‍ ടച്ച് പ്രതികരണശേഷി ഇല്ലാതായതിനാല്‍ പിന്‍, അല്ലെങ്കില്‍ പാസ് കോഡ് പോലും കൊടുക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇത് ഉപകാരപ്രദമാകുന്നത്.

ജോയി ആന്‍ഡെര്‍ എന്ന യൂട്യൂബര്‍ ആണ് ഈ ഹാക് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ മോട്ടൊറോള X പ്യുവര്‍ എന്ന ഹാന്‍ഡ്‌സെറ്റ് തറയില്‍ വീണ് ചില്ലു തകര്‍ന്നതിനു ശേഷം നടത്തിയ അന്വേഷണമാണ് ഈ പരിഹാരം കണ്ടെത്താന്‍ സഹായിച്ചത്. ഇങ്ങനെ ഫോണോ ടാബോ ഒക്കെ താഴെ വീണു തകര്‍ന്നാല്‍ പാര്‍ട്‌സായി വിറ്റു കാശാക്കാമെന്നു കരുതുന്നതു മണ്ടത്തരമാണ്. വാങ്ങുന്നയാളുടെ കൈയ്യില്‍ എത്തുന്നത് നിങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ഫയലുകളും കോണ്‍ടാക്‌സും എല്ലാം അടങ്ങുന്ന ഹാര്‍ഡ്ഡിസ്‌ക് ആണെന്നും ഓര്‍ക്കുക. സ്‌ക്രീന്‍ മാറാന്‍ കൊണ്ടുപോയി കൊടുക്കുന്ന ടെക്‌നീഷ്യനും നിങ്ങളുടെ ഡേറ്റ അക്‌സസു ചെയ്യാനാകുമെന്നും മനസ്സിലാക്കുക.
ജോയിയുടെ പരിഹാരം ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഇതു പരീക്ഷിച്ചു നോക്കാം. ഇതിനുള്ള മറ്റൊരു ബോണസ് ഗുണം കാര്യമായി ചിലവും ഇല്ലെന്നതാണ്.

ഫോണിന്റെ മിനി യുഎസ്ബി, മൈക്രോ യുഎസ്ബി, അല്ലെങ്കില്‍ യുഎസ്ബി ടൈപ് സി പോര്‍ട്ടില്‍ പിടിപ്പിക്കാവുന്ന ഒരു ഒടിജി (OTG) കേബിള്‍ സംഘടിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പലരുടെയും വീട്ടില്‍ ഇതുണ്ടാകും. ഇല്ലെങ്കില്‍ വാങ്ങുക. ഫോണിന്റെ മറുതലയിലുള്ള പോര്‍ട്ട് യുഎസ്ബി ഫീമെയിലാണ് എന്നുറപ്പു വരുത്തുക. ഇതിലേക്ക് വീട്ടിലെ കംപ്യൂട്ടറിന്റെ മൗസ് ഘടിപ്പിക്കുക എന്നതാണ് ആകെ ചെയ്യേണ്ട കാര്യം. വയേഡ് മൗസുകളാണ് നന്നായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില വയര്‍ലെസ് മൗസുകളും പ്രവര്‍ത്തിക്കും.

ഇങ്ങനെ മൗസ് കണക്ടു ചെയ്തുകഴിയുമ്പോള്‍ കംപ്യൂട്ടറില്‍ എന്ന പോലെ മൗസ് പോയിന്റര്‍ നമ്മുടെ ഫോണില്‍ ലഭ്യമാകും. ഇതു കാണുമ്പോള്‍ ഫോണ്‍ ഒരു മിനി പിസി ആയോ എന്നു പോലും നമ്മള്‍ക്കു തോന്നും! ഓണായ സ്‌ക്രീനല്‍ മൗസ് പോയിന്റര്‍ കാണാനായാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ഇനി പാസ്‌വേഡ് അല്ലെങ്കില്‍ പിന്‍ നല്‍കി ഫോണില്‍ പ്രവേശിക്കാം. എല്ലാ ഫങ്ഷനും തന്നെ അക്‌സസ് ചെയ്യാം.

മൈക്രോഎസ്ഡി കാര്‍ഡ് ഇടാവുന്ന ഫോണ്‍ ആണെങ്കില്‍ ഡേറ്റ കാര്‍ഡിലേക്കു കോപ്പി ചെയ്യുക. അല്ലെങ്കില്‍ ബ്ലൂടൂത്തോ, വൈഫൈയോ ഉപയോഗയോഗിച്ച് കംപ്യൂട്ടറിലേക്ക് ബാക്-അപ് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ ക്ലൗഡ് ഡ്രൈവിലേക്ക് ഡേറ്റ മാറ്റാം. ഇനി അതല്ല, ഇരട്ട തലയുള്ള ഒടിജി കേബിൾ വാങ്ങാന്‍ സാധിച്ചാല്‍ ഒന്നില്‍ മൗസും അടുത്തതില്‍ ഡേറ്റാ കേബിളും കണക്ടു ചെയ്ത് പിസിയിലേക്കൊ, മാക്കിലേക്കൊ ‘യുഎസ്ബി ഡേറ്റാ ട്രാന്‍സ്ഫര്‍ മോഡലാക്കി’ ബാക്-അപ് ചെയ്യാവുന്നതാണ്. ബാക് അപ് ചെയ്തശേഷം ഫോണ്‍ ഫോര്‍മാറ്റു ചെയ്യാനും മറക്കാതിരിക്കുക. ഇനി സ്‌ക്രീനും ഓണാകാത്ത അവസ്ഥ വന്നേക്കാം എന്നോര്‍ക്കുക.

ഐഫോണ്‍ 7ന് ഒപ്പമോ ശേഷമോ ഇറങ്ങിയ ഐഫോണ്‍ മോഡലുകളിലും ഇതു പ്രയോഗിക്കാമത്രെ.