തീർഥാടകരുടെ ബസ് കുഴിയിലേക്കു വീണു

തീർഥാടകരുടെ ബസ് കുഴിയിലേക്കു വീണു

പമ്പാവാലി ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണു. ബസ് വശം ചെരിഞ്ഞാണ് വീണതെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 4.30ന് കണമല സാൻതോം ഹൈസ്കൂൾ പടിക്കലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമലയ്ക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച മിനിബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് കരുതുന്നു. തഴയ്ക്കൽ ബാബുവിന്റെ പറമ്പിലേക്ക് മറിഞ്ഞ ബസ് വീണ്ടും കരണംമറിയാതിരുന്നത് അപകടത്തിന്റെ തീവ്രത ഇല്ലാതാക്കി. ബസ് വീണതിനു തൊട്ടുതാഴെയാണ് കിണർ. ഈ ഭാഗത്തേക്ക് വണ്ടി നീങ്ങിയിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിസരവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ റോഡിൽ എത്തിക്കുകയും ചെയ്തു.