എലിക്കുളം കപ്പാട് റോഡിൽ ബസ്സപകടം

എലിക്കുളം  കപ്പാട് റോഡിൽ ബസ്സപകടം

എലിക്കുളം: കുരുവിക്കൂട്-കപ്പാട് റോഡില്‍ പാമ്പോലി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 34 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.10-നായിരുന്നു അപകടം. പാലായില്‍നിന്ന് മണ്ണടിശാലക്ക് പോയ ‘ആലിപ്പഴം’ ബസും കാഞ്ഞിരപ്പള്ളിയില്‍നിന്ന് കപ്പാട് വഴി പാലാക്ക് പോയ ‘വാഴയില്‍’ ബസുമാണ് കൂട്ടിയിടിച്ചത്. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലുമുണ്ടായിരുന്നു. വിളക്കുമാടം സെന്റ് ജോസഫ്‌സ് എച്ച്.എസ.്എസ്., കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് എച്ച്.എസ്.എസ.് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബസുകളില്‍ യാത്ര ചെയ്തിരുന്നവരിലേറെയും.

സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ കോഴുവനാല്‍ സ്വദേശി ജിജോ(28), വിനയന്‍, രവീന്ദ്രന്‍, മഞ്ജു എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍: ആതിര, രഞ്ജിത്ത്, രാജശ്രീ, ആതിര, സരസമ്മ, തങ്കപ്പന്‍, രജിത, എത്സമ്മ, ബേബി, ജയശ്രീ, അര്‍ജുന്‍, ജോസഫ്, നിഖില്‍, സെബാസ്റ്റിയന്‍, ഗോപാലകൃഷ്ണന്‍, ത്രേസ്യാമ്മ, ബലിക് ജോഷി, ആനന്ദ് സലി, രാജപ്പന്‍, ഷൈലജ, ജിജോ, ഗീത, വിലാസിനി, മുംതാസ്, പത്മന്‍പിള്ള, പ്രേയസ് ടോമി, ജോമോന്‍, ഷീല, ജഗദമ്മ.

യാത്രക്കാരിലേറെപ്പേര്‍ക്കും സീറ്റിന്റെ മുമ്പിലെ കമ്പിയിലിടിച്ചും ബസിനുള്ളില്‍ വീണും മുഖത്താണ് പരിക്ക്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. സംഭവം അറിഞ്ഞ് പാലാ, പൊന്‍കുന്നം സ്‌റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘം അപകടസ്ഥലത്തും ആശുപത്രിയിലും എത്തി.

വീതി കുറവായ റോഡില്‍ അപകടകരമായ നിലയില്‍ പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ വഴിയിലേക്കിറങ്ങിയാണ് നില്‍ക്കുന്നത്. വളവുകളില്‍ ഇത്തരത്തില്‍ അപകടമൊരുക്കുന്ന പോസ്റ്റുകള്‍ മാറ്റണമെന്ന് എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി.അധികൃതരോട് പല തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അപകടങ്ങള്‍ പലതു നടന്നിട്ടും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്