നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് 12 ന് തുറക്കും ; ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രന്‍

നവീകരിച്ച  കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ്  12 ന്   തുറക്കും ; ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രന്‍

കാഞ്ഞിരപ്പള്ളി: നവീകരിച്ച സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം ജൂലൈ 12 ന് , വൈകിട്ട് അഞ്ചിന് നടത്തും. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണം നടത്തും. കെ. ജെ. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ജില്ലാപഞ്ചായത്തംഗം സെബാസ്റ്യൻ കുളത്തുങ്കല്‍, ജോളി മടുക്കക്കുഴി, പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍, വാര്‍ഡംഗം ബീനാ ജോബി തുടങ്ങിയവര്‍ പ്രസംഗിക്കും. ബസ് സ്റ്റാന്‍ഡിലെ ഓട നിര്‍മാണം, നിലം കോണ്‍ക്രീറ്റിംഗ്, ബസ് കയറി വരുന്ന ഭാഗത്തെ പാത വീതികൂട്ടല്‍, നടപ്പാത നിര്‍മാണം, കാത്തിരിപ്പ് കേന്ദ്രം, എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഞ്ചായത്ത് കിണറിനോടു ചേര്‍ന്ന് പുത്തനങ്ങാടി റോഡിലേക്ക് ഇറങ്ങുന്നതിനായി പടികളും നിര്‍മിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.

മാര്‍ച്ച് ആറിനാണ് ബസ് സ്റ്റാന്‍ഡ് നവീകരണം ആരംഭിച്ചത്. ഡോ. എന്‍. ജയരാജ് എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. കനത്ത മഴയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ സഹകരണമാണ്. നിര്‍മാണവുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നേരിട്ടപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. തങ്കപ്പന്‍, വാര്‍ഡംഗം ബീനാ ജോബി, സജിന്‍ വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.